ദുരന്തങ്ങള്‍ നേരിടാന്‍ പ്രാദേശിക ഭൂപടം തയ്യാറാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തങ്ങള്‍ നേരിടാന്‍ ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന 'മാപ്പത്തോണ്‍ കേരള' പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു.പാപ്പനംകോട് എന്‍ജിനിയറിംഗ് കോളേജില്‍ സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയുടെ ഉദ്ഘാടനത്തിനൊപ്പം വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും വിശദമായ ഭൂപടങ്ങളുടെ ആവശ്യകത ബോദ്ധ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുവട്ടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനും പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഇത് ആവശ്യമാണ്. പ്രളയജലത്തെ വേഗം വഴിതിരിച്ചുവിടാവുന്ന മാര്‍ഗങ്ങള്‍, പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാവുന്ന വഴികള്‍, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ എന്നിവയൊക്കെ മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയണം. അതിനാണ് ഈ മാപ്പത്തോണ്‍ പദ്ധതി. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയാണ് മാപ്പത്തോണ്‍ കേരള ഭൂപടം തയ്യാറാക്കുക.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളേയും ടെലി പ്രസന്‍സ് സങ്കേതത്താല്‍ ബന്ധിപ്പിച്ച് എന്‍ജിനിയറിംഗ്, ഡിസൈന്‍, ശാസ്ത്ര സാങ്കേതിക നൈപുണ്യ പരിശീലനം നടത്തുകയാണ് സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. നാലു വര്‍ഷം കൊണ്ട് അരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കും. കേരളത്തിന്റെ സംരംഭമായ 'കോക്കോണിക്‌സ്' ലാപ്‌ടോപ്പുകളാണ് സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോമില്‍ ഉപയോഗപ്പെടുത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍