സിലിയുടെ മരണം :ഷാജുവിനെ ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കൂടത്തായി സിലി വധക്കേസില്‍ സിലിയുടെ ഭര്‍ത്താവായിരുന്ന ഷാജുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനിലാണു ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിട്ടുണ്ട്. ഇരുവരെയും ജോളി ജോസഫിനൊപ്പമിരുത്തിയും പൊലീസ് ചോദ്യം ചെയ്യും. ഷാജുവിനോട് ഇന്ന് എസ്പി ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം ഇന്നു രാവിലെ തന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സിലിയുടെ മരണത്തില്‍ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ സംശയം. ഇതിനാലാണു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയെ ഷാജു എതിര്‍ത്തതെന്നും പൊലീസിനു സംശയമുണ്ട്.സിലിയുടെ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയര്‍' എന്ന ഫോണ്‍ സന്ദേശം ഭര്‍ത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് പ്രതി ജോളി മൊഴി നല്‍കിയിരുന്നു. സിലിയുടെ ബന്ധു വി.ഡി. സേവ്യര്‍ ഷാജുവിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ ഷാജുവിനും പങ്കുണ്ടെന്നു സംശയിക്കുന്നതായി സേവ്യര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് ഒപ്പിട്ടുനല്‍കാന്‍ ഷാജു സിലിയുടെ സഹോദരനെ നിര്‍ബന്ധിച്ചു. സഹോദരന്‍ സിജോ വിസമ്മതിച്ചതോടെ ഷാജു തന്നെ ഒപ്പിട്ടുനല്‍കുകയായിരുന്നുവെന്നും സേവ്യര്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍