ബീഹാറില്‍ മാത്രമാണോ, അമേരിക്കയിലും പ്രളയമില്ലേ; മാധ്യമങ്ങളോടു ക്ഷോഭിച്ച് നിതീഷ്

പാറ്റ്‌ന: ബിഹാറിലെ പ്രളയക്കെടുതി സംബന്ധിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോടു ക്ഷോഭിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറിലെ വെള്ളപ്പൊക്കത്തെ അമേരിക്കയിലെ വെള്ളപ്പൊക്കവുമായി താരതമ്യപ്പെടുത്തിയായിരുന്നു നിതീഷിന്റെ മറുപടി. ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ആരും വെറുതെയിരിക്കുന്നില്ല. ഇതു കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തമാണ്. രാജ്യത്തെ ഏതെല്ലാം ഭാഗങ്ങളില്‍, ലോകത്ത് എവിടെയെല്ലാം പ്രളയമുണ്ടാകുന്നുണ്ട് പാറ്റ്‌നയിലെ ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മാത്രമാണോ പ്രശ്‌നം അമേരിക്കയില്‍ എന്താണു സംഭവിച്ചതെന്ന് അറിയാമല്ലോ പാറ്റ്‌നയില്‍ പ്രളയക്കെടുതി വിലയിരുത്താന്‍ നേരിട്ടെത്തിയ നിതീഷ് കുമാര്‍ ദുരിതാശ്വാസം സംബന്ധിച്ച ചോദ്യങ്ങളോട് ഇങ്ങനെ പ്രതികരിച്ചു. പ്രളയം ബാധിച്ചവരെ സന്ദര്‍ശിക്കാനെത്തിയ നിതീഷിനു നേരെ ചിലയിടങ്ങളില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ബിജെപി രംഗത്തെത്തി. മഴ തോര്‍ന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പാറ്റ്‌ന വെള്ളത്തിലാണെന്നും ഇത് ഉദ്യോഗസ്ഥവീഴ്ചയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ തുറന്നടിച്ചു. ദിവസങ്ങളായി പെയ്യുന്ന മഴ ബിഹാറില്‍ കനത്ത നാശനഷ്ടമാണു സൃഷ്ടിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. 42 പേര്‍ ബിഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍