സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം; സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡല്‍ഹി:സോഷ്യല്‍ മീഡിയയിലെ മോശം ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് സുപ്രീകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രം. വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, അധിക്ഷേപങ്ങള്‍ എന്നിവ പ്രചരിക്കുന്നത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാര്‍. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിന് വലിയ മുന്നൊരുക്കം വേണമെന്നാണ് കോടതയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം, ജനങ്ങളുടെ സ്വകാര്യത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മൂന്നാഴ്ച്ചത്തെ സമയമാണ് കോടതി കഴിഞ്ഞ മാസം കേന്ദ്രത്തിന് നല്‍കിയിരുന്നത്.
സാങ്കേതിക വിദ്യയുടെ വികാസം രാജ്യപുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞ കേന്ദ്രസര്‍ക്കാര്‍, അത് വരുത്തിവെക്കുന്ന വിപത്തിന് തടയിടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. വ്യക്തമായ നിയമം ഇതിനായി രൂപപ്പെടുത്തേണ്ടതുണ്ടെന്നും, അന്തിമ രൂപം നല്‍കുന്നതിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സെപ്തംബര്‍ 24നാണ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന രണ്ടംഗ ബെഞ്ച് സാങ്കേതിക വിദ്യ മൂലം രാജ്യത്ത് ഉണ്ടായിത്തീരുന്ന അപകടകരമായ സാഹചര്യത്തെ കുറിച്ച് ആശങ്ക പങ്കുവെച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍