സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി അവധി എടുക്കാം

തിരുവനന്തപുരം: സാര്‍...നാളെ ഒരു അവധി കിട്ടിയാല്‍ നന്നായിരുന്നു. ഈ ഒരു വാചകം എന്തായാലും ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴങ്ങില്ല. കാരണം ഇനിമുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി അവധി എടുക്കാം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക് വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. അതത് മേധാവികള്‍ക്ക് ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷ സമര്‍പ്പിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ ഇനിമുതല്‍ കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി അവധിക്ക് അപേക്ഷിക്കാം. ജീവനക്കാര്‍ക്കു നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് സ്പാര്‍ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേലുദ്യോഗസ്ഥന്‍ ഇവ ഓണ്‍ലൈനായിത്തന്നെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യും. അവധി വിവരങ്ങള്‍ ഡിജിറ്റല്‍ സര്‍വീസ് ബുക്കിലും രേഖപ്പെടുത്തും. അതേസമയം, ഗള്‍ഫിലേക്കും മറ്റും പോകാനായി ദീര്‍ഘകാലത്തേക്കുള്ള അവധിയെടുക്കല്‍ ഓണ്‍ലൈന്‍ വഴി നടക്കില്ല.നിലവില്‍ ധന, ട്രഷറി വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ ഈ സൗകര്യം. രണ്ടു മാസത്തിനകം എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ക്കു ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍