കാലന്റെ കോലം കെട്ടിയ ഹാമര്‍

ആദ്യം ഈ കുറിപ്പുകാരന്റെ ഒരു സ്‌കൂള്‍ കാല അനുഭവം പറയാം. ഗ്രാമത്തിലെ യു.പി. സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഷോട്ട് പുട്ട് മത്സരത്തില്‍ പങ്കെടുക്കവെ മറ്റൊരു കുട്ടി എറിഞ്ഞ ഷോട്ട് എന്റെ ഇടത് കണങ്കാലില്‍ ശക്തിയായി വന്ന് വീണു. വേദന കൊണ്ട് പിടച്ച് വീണ എന്നെ അധ്യാപകര്‍ എടുത്ത് പെട്ടന്ന് അടുത്ത വീട്ടു പറമ്പിലെ കുളത്തില്‍ കൊണ്ടുപോയി ഷോട്ട് വന്ന് വീണ ഭാഗത്ത് വെള്ളം കൂട്ടി കുറെ ഉഴിയുകയും മറ്റു പരിചരണങ്ങള്‍ നടത്തുകയും ചെയ്തു. പണ്ട് കാലത്തൊക്കെ അങ്ങിനെയായിരുന്നു, ശരീരഭാഗം എവിടെയെങ്കിലും ഇടിച്ചാലോ ശരീരത്തില്‍ ഏതെങ്കിലും കനമുള്ള വസ്തു മറ്റു രീതിയില്‍തട്ടിയാലോ പരിക്ക് ഗുരുതരമല്ലെന്ന് തോന്നിയാല്‍ വെള്ളം കൂട്ടി ഉഴിയുക എന്നതായിരുന്നു പ്രഥമ ശുശ്രൂഷ. ഭാഗ്യവശാല്‍ ഏതാനും ദിവസം നടക്കുമ്പോള്‍ അല്‍പം പ്രയാസം തോന്നിയിരുന്നു എന്നതല്ലാതെ ആ അപകടം കൊണ്ട് എനിക്ക് ശാരീരികമായി കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
ഈ പൂര്‍വകാല അനുഭവം ഇപ്പോഴോര്‍മ്മയില്‍ വന്നത് പാലായില്‍ നടന്ന ഇത്തവണത്തെ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ തെറിച്ചുവന്നു വീണതിനാല്‍ ഏറ്റ ഗുരുതരമായ പരിക്കുകള്‍ മൂലം അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി അഭീല്‍ ജോണ്‍സണ്‍ എന്ന പതിനാറുകാരനായ ഹതഭാഗ്യന്‍ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍ വെച്ച് അന്ത്യശാസം വലിച്ചു എന്ന വാര്‍ത്തയറിഞ്ഞപ്പോഴാണ്. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭീല്‍ ഒരു ഫുട്‌ബോള്‍ താരംകൂടിയായിരുന്നു. അവന്‍ ഈ അപകടം നടന്ന കായികമേളയിലെത്തിയത് ഒരു വളണ്ടിയറായിട്ടായിരുന്നു. കേരളാബ്ലാസ്റ്റേഴ്‌സിന്റെ 16 വയസ്സിനു താഴെയുള്ളവരുടെ ഫുഡ്‌ബോള്‍ ടീമില്‍ ഇടംപിടിച്ചിരുന്ന ഈ ഈരാറ്റുപേട്ടക്കാരന്‍ വിദ്യാര്‍ത്ഥി ജോണ്‍സണ്‍ ജോര്‍ജ്- ഡാര്‍ളി ദമ്പതികളുടെ ഏകസന്താനമായിരുന്നു എന്നതാണ് ഈ സംഭവത്തിന്റെ ഏറ്റവും ദു:ഖകരമായ ഒരു വശം.
കായിക കേരളത്തെ ഞെട്ടിച്ച അപകടം ഈ മാസം 4 ന് പാലാ സിന്തറ്റിക്ക് സ്റ്റേഡിയത്തിലായിരുന്നു. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരം നടക്കവെ അടുത്ത പിറ്റില്‍ ഇതേ പ്രായത്തിലുള്ള ആണ്‍ കുട്ടികളുടെ ജാവലിന്‍ത്രോ മത്സരവും നടക്കുന്നുണ്ടായിരുന്നു. ഒരു കുട്ടി എറി ഞ്ഞ ജാവലിന്റെ അകലം അളക്കാന്‍ ചെന്ന അഭീലിന്റെ തലയിലേക്ക് ഒരശനിപാതം പോലെ അപ്രതീക്ഷിതമായി അടുത്ത പിറ്റില്‍ നിന്നും എറിഞ്ഞ ഹാമര്‍ വന്നു പതിച്ചു. അപ്പോള്‍ തന്നെ തലക്ക് ഗുരുതരമായി പരുക്കേറ്റ അഭീലിനെ കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടുത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പരിചരണത്തിലായിരുന്നു സംഭവശേഷം ഇത്രയുംനാള്‍ അവന്‍. ഇടക്ക് അഭീലിന്റെ ശാരീരികാവസ്ഥയില്‍ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും ദൈവവിധി മറ്റൊന്നായിപോയി.
ഈ സംഭവം ആരും നിനച്ചിരിക്കാതെ വന്നു ഭവിച്ചതാണ്. അത് കൊണ്ട് തന്നെ നിയമത്തിന്റെ സാങ്കേതികതകളനുസരിച്ച് അത്‌ലറ്റിക്ക് മീറ്റിന്റെ സംഘാടകര്‍ക്കും ഹാമര്‍ എറിഞ്ഞ കുട്ടിക്കുമെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഒരു കേസ്സുണ്ടാവും. തുടര്‍ന്നടപടികളൊക്കെ അതിന്റെ വഴിക്ക് നടക്കുകയും ചെയ്യും. എന്നാല്‍ കായികമേളകളുടെ സംഘാടകര്‍ക്കും അവരെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ബാധ്യസ്ഥരായ അധികൃതര്‍ക്കും ശരിയായ ഒരു പാഠമാവണം ഈ സംഭവം. മുമ്പും കായികമേളകളില്‍ ഇങ്ങിനെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്, അത് സ്വാഭാവികം മാത്രമാണ് എന്ന് പറഞ്ഞ് കൈകഴുകാന്‍ ആര്‍ക്കും സാധിക്കരുത്. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍ കരുതലുകള്‍ ആസൂത്രണം ചെയ്‌തേപറ്റൂ.
മറ്റൊരു പ്രധാന വശം സര്‍ക്കാരും പൊതുസമൂഹവും പരമാവധി ആത്മാര്‍ത്ഥതയോടെ അഭീല്‍ ജോണ്‍സന്റെ അപ്രതീക്ഷിത വിയോഗം മൂലമുള്ള ദു:ഖഭാരത്താല്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. ഏത് നടപടികളിലൂടെയാണോ അവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമുണ്ടാക്കാന്‍ കഴിയുക ആവഴിക്കൊക്കെ ഈ ബന്ധപ്പെട്ടവര്‍ നല്ല ഉദ്ദേശശുദ്ധിയോടെ നീങ്ങിയേ പറ്റൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍