കുവൈത്തിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെ അംഗീകാരം റദ്ദാക്കിയ നടപടി; കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

കുവൈത്ത്:കുവൈത്തിലെ ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ എംബസി നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് നവീന്‍ ചൗള നാലാഴ്ചക്കകം വിശദീകരണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനു നോട്ടീസ് അയച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടെ 250ലേറെ കൂട്ടായ്മകള്‍ കുവൈത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷകഘടകങ്ങള്‍ മുതല്‍ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഘടനകളുടെ രജിസ്‌ട്രേഷന് എംബസ്സി പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയതോടെ ജില്ലാ അസോസിയേഷനുകള്‍ക്കു ഉള്‍പ്പെടെ അംഗീകാരം നഷ്ടമായി. കുറഞ്ഞത് അഞ്ഞൂറ് അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്നും അംഗങ്ങളുടെ പട്ടിക ഹാജരാക്കണമെന്നും ആയിരുന്നു എംബസ്സി മുന്നോട്ടു വെച്ച പ്രധാന നിബന്ധന. സജീവമായി പ്രവര്‍ത്തിക്കുന്ന പല മുഖ്യധാര സംഘടനകള്‍ക്കും അംഗീകാരം നഷ്ടപ്പെട്ടതും കടലാസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ എംബസ്സി പട്ടികയില്‍ ഇടം പിടിച്ചതും ചൂണ്ടിക്കാട്ടി പ്രവാസി സംഘടനകള്‍ രാഷ്ട്രപതിക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.ഇതേ തുടര്‍ന്നു സാമൂഹ്യപ്രവര്‍ത്തകനും ഒ.എന്‍.സി.പി ഭാരവാഹിയുമായ ബാബു ഫ്രാന്‍സിസ് പ്രവാസി ലീഗല്‍ സെല്‍ മുഖേന ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചത്. കേസ് ഡിസംബര്‍ അഞ്ചിന് ഹൈകോടതി വീണ്ടും പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍