പ്രിയങ്കയുടെ റാലിയില്‍ പങ്കെടുക്കാതെ റായ്ബറേലി എംഎല്‍എ; ബിജെപിയിലേക്ക്

ലക്‌നോ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മാര്‍ച്ചില്‍നിന്നു വിട്ടുനിന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉത്തര്‍പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദിതി മാര്‍ച്ചില്‍നിന്നു വിട്ടുനിന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായാണ് അദിതി അറിയപ്പെടുന്നത്. അദിതിയുടെ പിതാവും ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. എന്നിരുന്നാലും ബുധനാഴ്ച പ്രിയങ്കയുടെ റാലിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദിതി തീരുമാനിക്കുകയായിരുന്നു. അടുത്തു തന്നെ അദിതി ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അദിതി ഇത് നിഷേധിച്ചു. റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണം വീതം കോണ്‍ഗ്രസും ബിജെപിയും പങ്കിടുന്നു. ഒരെണ്ണം സമാജ്‌വാദി പാര്‍ട്ടിയാണു വിജയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍