ജിഎസ്ടിയില്‍ പിഴവുകളുണ്ടാകാം, പെട്ടെന്നു മാറ്റാനാകില്ല; 'ക്ഷോഭിച്ച്' ധനമന്ത്രി

പൂന: ജിഎസ്ടി (ചരക്കുസേവന നികുതി) നടപ്പാക്കിയതില്‍ പിഴവുകളുണ്ടെന്നു സമ്മതിച്ചു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൂനയില്‍ വ്യവസായികളുടെ യോഗത്തില്‍ പങ്കെടുക്കവെയായിരുന്നു നിര്‍മലയുടെ 'ക്ഷോഭിച്ച' കുറ്റസമ്മതം. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പുചോദിച്ച ധനമന്ത്രി, ഈ ബുദ്ധിമുട്ടുകള്‍ക്കു പാര്‍ലമെന്റിന്റെ അനുവാദമില്ലാതെ തിടുക്കത്തില്‍ പരിഹാരം കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. നികുതി ഘടനയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെങ്കില്‍ നികുതി ഘടന മാറ്റാതെ തന്നെ ജിഎസ്ടി മെച്ചപ്പെടുത്താന്‍ കഴിയുമെന്നും നിലവിലെ സാഹചര്യത്തില്‍ കണ്‍സള്‍ട്ടന്റുമാരും ഓഡിറ്റര്‍മാരും സര്‍ക്കാരിനെ ശപിക്കുകയാണെന്നും യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ ചൂണ്ടിക്കാട്ടി. ഇതിനോടു പ്രതികരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശങ്ങള്‍.എന്നോടു ക്ഷമിക്കുക, ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. പാര്‍ലമെന്റില്‍ പല പാര്‍ട്ടികളും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നിയമം. പെട്ടെന്നൊതു സാഹചര്യത്തില്‍ ഇതൊരു മോശം ഘടനയാണെന്നു പറയാന്‍ സാധിക്കില്ല. ആദ്യ ദിവസം മുതല്‍ ജിഎസ്ടി നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു വരണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതു സാധിക്കാതെ പോയതില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. പക്ഷേ അതുപേക്ഷിക്കാന്‍ വയ്യ. ഇപ്പോള്‍ ഇതു രാജ്യത്തെ നിയമമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞു. പാര്‍ലമെന്റിലും നിയമസഭകളിലും ജിഎസ്ടി വ്യവസ്ഥകള്‍ പാസാക്കിയിട്ടുള്ളതാണ്. ഇതിനു പോരായ്മകളുണ്ടാകാം. നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നോടു ക്ഷമിക്കുക. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലൊരു ചട്ടക്കൂട് സൃഷ്ടിക്കണമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും നിര്‍മല സംരംഭകരോടു യോഗത്തില്‍ അഭ്യര്‍ഥിച്ചു.ജിഎസ്ടി വരുമാനം ഇടിയുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തെ നേരിടുകയും ചെയ്യുന്‌പോഴാണു മന്ത്രിയുടെ കുറ്റസമ്മതം. ജിഎസ്ടി വരുമാനം കുറയാന്‍ കാരണം രാജ്യത്തെ സാമ്പത്തിക മാന്ദ്യമാണെന്നാണ് വിദഗ്ധ റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍