മൂന്നാം ദിനത്തില്‍ തുടക്കത്തിലേ ഞെട്ടിച്ച് ഉമേഷ്; ദക്ഷിണാഫ്രിക്ക പതറുന്നു

റാഞ്ചി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ വമ്പന്‍ സ്‌കോറിനെതിരേ ബാറ്റു ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ദിനത്തില്‍ തുടക്കത്തിലേ തിരിച്ചടി. ആദ്യ ഓവറില്‍ തന്നെ ഉമേഷ് യാദവ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ (1) കുറ്റി തെറിപ്പിച്ചു.മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ് ഇപ്പോള്‍ സന്ദര്‍ശകര്‍. സുബെയ്ര്‍ ഹംസ (23*), ടെംബ ബവുമ (10*) എന്നിവരാണ് ക്രീസില്‍. ഡീ കോക്ക് നാലുറണ്‍സിനും ഡീന്‍ എല്‍ഗര്‍ പൂജ്യത്തിനും പുറത്തായി. ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മയും സെഞ്ചുറി സ്വന്തമാക്കിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ 497ല്‍ എത്തിച്ചത്. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സുമെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രഹാനെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്നത്. 10 പന്തില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 31 റണ്‍സെടുത്ത് ഉമേഷ് യാദവ് റണ്‍റേറ്റ് ഉയര്‍ത്തി. രവീന്ദ്ര ജഡേജ 51 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ് ലിന്‍ഡ് നാല് വിക്കറ്റും കഗിസോ റബാഡ മൂന്ന് വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയിലൂടെ ടെസ്റ്റ് ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ റാഞ്ചിയില്‍ ഇരട്ടസെഞ്ചുറിയോടെ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ (212) കണ്ടെത്തി. മൂന്നിന് 224 എന്ന നിലയില്‍ ഞായറാഴ്ച ബാറ്റിങ് തുടര്‍ന്ന രോഹിത് രഹാനെ സഖ്യം 306 റണ്‍സില്‍വെച്ചാണ് പിരിഞ്ഞത്. നാലാം വിക്കറ്റില്‍ ഇവര്‍ 267 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു.192 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 115 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. ടെസ്റ്റില്‍ രഹാനെയുടെ 11ാം സെഞ്ചുറിയായിരുന്നു ഇത്.ലഞ്ചിന് പിരിയുമ്പോള്‍ രോഹിത് 199 റണ്‍സിലെത്തിയിരുന്നു. പിന്നീട് ലുങ്കി എന്‍ഗീഡി എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്ത് സിക്‌സറിന് പറത്തിക്കൊണ്ട് രോഹിത് ഇരട്ടശതകം തികച്ചു. മൂന്നാം പന്തും സിക്‌സിന് പറത്തി. രോഹിത് സെഞ്ചുറി തികച്ചതും സിക്‌സിലൂടെയായിരുന്നു. 255 പന്തില്‍ 28 ബൗണ്ടറിയും ആറ് സിക്‌സും സഹിതം 212 റണ്‍സെടുത്തുനില്‍ക്കേ രോഹിതിനെ റബാഡ മടക്കി.ഉമേഷ് യാദവ് 10 പന്തില്‍ 31 റണ്‍സടിച്ചതായിരുന്നു പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സിലെ പുതുമ. ഇതില്‍ അഞ്ചും സിക്‌സായിരുന്നു. അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ ജോര്‍ജ് ലിന്‍ഡെയാണ് രണ്ട് ഓവറുകളിലായി അഞ്ച് സിക്‌സും വഴങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍