കൂടത്തായി കൊലപാതക പരമ്പര: ഡിഎന്‍എ പരിശോധന അമേരിക്കയില്‍

  • റോയിയുടെ സഹോദരന്‍ റോജോയെ നാട്ടിലേക്കു വിളിച്ചുവരുത്തും
  • ജോളിക്ക് പണം മാത്രം ലക്ഷ്യമെന്ന് ഷാജു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മൃതദേഹങ്ങളുടെ രാസപരിശോധനാ ഫലം അമേരിക്കയില്‍ നടത്തും. മെറ്റോ കോണ്‍ഡ്രിയ ഡിഎന്‍എ അനാലിസിസ് നടത്തുന്നതിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡിഎന്‍എ സാംപിള്‍ എടുക്കും. മരണകാരണം കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. അതേസമയം, കേസില്‍ പരാതിക്കാരനായ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോയെ ചോദ്യം ചെയ്യുന്നതിനായി നാട്ടിലേക്ക് വിളിച്ചുവരുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് റോജോ. കേസില്‍ മുഖ്യപ്രതി ജോളിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അതിനിടെ,ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ച് മൊഴി നല്‍കിയിട്ടില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ഈ മരണങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു. ജോളിയോട് പ്രണയമുണ്ടായിരുന്നില്ല. രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കൊലപാതകങ്ങളില്‍ എനിക്കും പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറയുന്നത് തന്നെ കുടുക്കാനാണെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. കൊലപാതകങ്ങളില്‍ എനിക്കും പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറയുന്നത് കുരുക്കാണ്. ഇപ്പോള്‍ ഈ കേസിലെ കുറ്റത്തില്‍ അവര്‍ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നതെന്നും ഷാജു വ്യക്തമാക്കി. ജോളിക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അറിയില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറഞ്ഞു. ജോളിയുടെ പല പ്രവര്‍ത്തനങ്ങളിലും തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പറയാറില്ലായിരുന്നുവെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. മാപ്പുസാക്ഷിയാക്കുമോ എന്ന ചോദ്യത്തോട് അതൊക്കെ രഹസ്യസ്വഭാവമുള്ള കാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നും ഷാജു പറഞ്ഞു.ജോളി തന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയോയെന്ന് സംശയമുണ്ട്. 62,000 രൂപ ശമ്പളം ഉണ്ടെന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ ജോളിയുടെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഷാജു ഒഴിഞ്ഞ് മാറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍