ജനുവരിയില്‍ ധോണി ടീമില്‍ തിരിച്ചെത്തിയേക്കും

മുംബൈ: ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് സൗരവ് ഗാംഗുലി എത്തിയതോടെ എം.എസ്.ധോണിയെ ചുറ്റിപ്പറ്റിയുള്ള വിരമിക്കല്‍ വാര്‍ത്തകള്‍ വീണ്ടും ചൂടുപിടിക്കുന്നു. ധോണിക്ക് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഏറെക്കുറെ അസാധ്യമാണെന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങ് കൊഴുപ്പിക്കുന്നത്. ഇനി വിടവാങ്ങല്‍ പരമ്പരയില്‍ അല്ലാതെ ധോണി ഇന്ത്യന്‍ ടീമില്‍ കളിക്കില്ലെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പുതിയ വഴിത്തിരിവ്. അടുത്തവര്‍ഷം ആദ്യത്തോടെ അദ്ദേഹത്തിന് വിടവാങ്ങള്‍ മത്സരമൊരുക്കുമെന്നും അന്നു മാത്രമേ ഇനി ധോണിയെ സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ഇതുവരെ ധോണി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയിട്ടില്ല.ലോകകപ്പിനു പിന്നാലെ ധോണി സൈനിക സേവനത്തിനു പോയതോടെ താരം ഉടന്‍ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നീട് ഇന്ത്യ പുതിയ ക്രിക്കറ്റ് സീസണിലേക്ക് ഇറങ്ങിയതോടെ ചര്‍ച്ചകള്‍ക്ക് നേരിയ ശമനമുണ്ടായിരുന്നു. വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ നിന്ന് ധോണി സ്വയം പിന്‍വാങ്ങുകയായിരുന്നു. ഈ സമയത്താണ് ധോണി സൈനിക സേവനത്തിന് പോയത്.അതിനിടെ ജനുവരിയില്‍ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്. ഝാര്‍ഖണ്ഡ് അണ്ടര്‍ 23 ടീമിനോടൊപ്പം ധോണി പരിശീലനം നടത്തുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യയ്തത്. മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന വിടവാങ്ങല്‍ പരമ്പരയും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണെന്നതും ഇതിനോട് കൂട്ടിവായിക്കണം.ജനുവരിയില്‍ മടങ്ങിയെത്തുന്നതിന്റെ ഭാഗമായി താരം ഫിറ്റ്‌നെസ് പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജനുവരി മുതല്‍ അദ്ദേഹം ക്രിക്കറ്റില്‍ സജീവമായേക്കുമെന്നും ഇതു സംബന്ധിച്ച് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും ധോണിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഝാര്‍ഖണ്ഡ് സീനിയര്‍ ടീം സൂറത്തിലേക്കു പോകുന്നതിനാല്‍ അണ്ടര്‍ 23 ടീമംഗങ്ങളോടൊപ്പമാകും റാഞ്ചി സ്‌റ്റേഡിയത്തില്‍ ധോണി പരിശീലനം ആരംഭിക്കുക.
നവംബര്‍ ഒന്നിന് കേരളവുമായുള്ള മത്സരത്തിനു മുന്നോടിയായി ഒരാഴ്ചയാണ് അണ്ടര്‍ 23 ടീമിന്റെ പരിശീലന ക്യാംപ് നടക്കുന്നത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലേക്കു ധോണി എത്തിയിരുന്നു. അതേസമയം വിജയികള്‍ അത്ര പെട്ടെന്നൊന്നും അവസാനിപ്പിക്കില്ലെന്നായിരുന്നു ധോണിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഗാംഗുലി മാദ്ധ്യമ പ്രവര്‍ത്തകരോട് മറുപടി പറഞ്ഞത്. തനുള്ളിടത്തോളം കാലം എല്ലാവര്‍ക്കും ബഹുമാനം ലഭിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ പന്താണ് വിക്കറ്റ് കീപ്പര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍