ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പര നടക്കുമോ പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് ഗാംഗുലി

കോല്‍ക്കത്ത: ഇന്ത്യപാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെങ്കില്‍ ഇരുരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുടെയും അനുമതി തേടണമെന്ന് ബിസിസിഐ നിയുക്ത പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടുമാണ് ചോദിക്കേണ്ടത്. ഇരുവരുടെയും അനുമതിയോടെ മാത്രമേ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കോല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗാംഗുലി. ഇന്ത്യപാക് പരമ്പര വീണ്ടും തുടങ്ങാന്‍ തീര്‍ച്ചയായും അനുമതി വാങ്ങേണ്ടതുണ്ട്. കാരണം, അന്താരാഷ്ട്ര മത്സരങ്ങള്‍ എല്ലാം സര്‍ക്കാരുകളുടെ അനുമതിയോടെയാണ്. അതിനാല്‍ ഈ ചോദ്യത്തിന് തങ്ങളുടെ പക്കല്‍ ഉത്തരമില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 2012ലാണ് ഇന്ത്യപാക് ക്രിക്കറ്റ് പരമ്പര അവസാനമായി നടന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതോടെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിരുന്നു. 2004ല്‍ നടന്ന പാക്കിസ്ഥാന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിച്ചത് ഗാംഗുലിയായിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റില്‍ ഏറ്റുമുട്ടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍