തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന് ഷെഹ്‌ല റാഷിദ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങു കയാണെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ഥിനി ഷെഹ്‌ല റാഷിദ്. ജനങ്ങളെ അടിച്ചമര്‍ത്തുന്നത് നിയമാനുസൃതമാക്കുന്നതിനുള്ള നീക്കത്തില്‍ കക്ഷിചേരാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് ഷെഹ്‌ല തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നത്. കശ്മീരില്‍ പ്രദേശിക തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരായാണ് ഷെഹ്‌ലയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെങ്കിലും സാമൂഹികപ്രവര്‍ത്തകയായി തുടരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് കേസെടുത്തതോടെയാണ് ഷെഹ്‌ല അറിയപ്പെട്ടു തുടങ്ങിയത്. ഈ വര്‍ഷം ആദ്യം ഷെഹ്‌ല മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ രൂപീകരിച്ച ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റില്‍ ചേര്‍ന്നിരുന്നു.കശ്മീരിലെത്തുമ്പോള്‍ സര്‍ക്കാര്‍ നിയമവും നീതിയും മറന്ന് പോവുകയാണെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്‌മെന്റുകളും കണ്ടില്ലെന്ന് നടിക്കേണ്ടിവരുമെന്നും ഷെഹ്‌ല ഫേസ്ബുക്കില്‍ കുറിച്ചു. 'എന്റെ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുന്നത് നിയമവിധേയമാക്കുന്നതില്‍ എനിക്ക് പങ്കാളിയാകാന്‍ കഴിയില്ല. അതിനാല്‍ മുഖ്യധാര രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങുകയാണ്. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകയായി തുടരും. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിക്കായും സംസ്ഥാനത്തിന്റെ വിഭജനത്തിനെതിരായും ഇനി തന്റെ ഊര്‍ജം മുഴുവന്‍ ഉപയോഗിക്കും' അവര്‍ പറഞ്ഞു.കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ട്വീറ്റ് ചെയ്തതിന് ഷെഹ്‌ലയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍