കരിപ്പൂരിനോടു ചിറ്റമ്മ നയം, സര്‍ച്ചാര്‍ജ് വര്‍ധന പിന്‍വലിച്ചത് കൊച്ചിയില്‍ മാത്രം

 കൊണ്ടോട്ടി: ദുബായ്, ഷാര്‍ജ മേഖലയിലേക്ക് ഉയര്‍ത്തിയ കാര്‍ഗോ സര്‍ചാര്‍ജ് വര്‍ധന കൊച്ചിയില്‍ മാത്രം എയര്‍ ഇന്ത്യ പിന്‍വലിച്ചു. നേരത്തെ കരിപ്പൂരില്‍ നിന്നു മാത്രം ദുബായ്, ഷാര്‍ജ മേഖലയിലേക്ക് എയര്‍ഇന്ത്യ 10 രൂപ കാര്‍ഗോ സര്‍ചാര്‍ജ് ഉയര്‍ത്തിയിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് രൂപ പിന്‍വലിക്കുകയും കൊച്ചി വിമാനത്താവളത്തില്‍നിന്ന് കൂടിയതുക ഈടാക്കുകയും ചെയ്തിരുന്നു. ഈ നിരക്കാണ് എയര്‍ ഇന്ത്യ കൊച്ചിയില്‍ മാത്രം പിന്‍വലിച്ചത്. ദിവസേന 15 ടണ്‍ പഴം, പച്ചക്കറികളാണ് കരിപ്പൂരില്‍നിന്ന് മാത്രം എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ദുബായ്, ഷാര്‍ജ മേഖലയിലേക്ക് കയറ്റി അയക്കുന്നത്.ഒരു കിലോ കാര്‍ഗോക്ക് ദുബായ്, ഷാര്‍ജ മേഖലയിലേക്ക് മാത്രം 43.50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് പിന്നീട് 53.50 രൂപയായി ഉയര്‍ന്നു. കരിപ്പൂരില്‍ മാത്രമായിരുന്നു നിരക്ക് വര്‍ധന. ഇതില്‍ പ്രതിഷേധിച്ച് കാര്‍ഗോ കയറ്റുമതി ഏജന്റുമാര്‍ എയര്‍ഇന്ത്യ വിമാനങ്ങളില്‍ ചരക്ക് നീക്കം നിര്‍ത്തിവച്ച് പ്രതിഷേധിച്ചു. ഇതോടെയാണ് ഉയര്‍ത്തിയ തുക അഞ്ചുരൂപയാക്കി കുറച്ചത്. ഇതോടെ കിലോക്ക് 48.50 രൂപയായി. ഈ നിരക്ക് തന്നെയായിരുന്നു കൊച്ചിയില്‍നിന്നും ഇതുവരെ ഈടാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വര്‍ധിപ്പിച്ച നിരക്ക് കൊച്ചിയില്‍ മാത്രം എയര്‍ ഇന്ത്യ പിന്‍വലിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍