ഇന്നത്തെ എഴുത്തുകാര്‍ അമ്മമാര്‍ പറഞ്ഞ കഥയുടെ ഉത്പന്നം: ടി. പദ്മനാഭന്‍

കണ്ണൂര്‍: അമ്മമാരും അമ്മൂമ്മമാരും പറഞ്ഞു കൊടുത്ത കഥയുടെ ഉത്പന്നമാണ് ഇന്നത്തെ പല എഴുത്തുകാരുമെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍. ലൈബ്രറി കൗണ്‍സില്‍ മെഗാ വായനമത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. ഇന്നത്തെ അച്ഛനമ്മമാര്‍ ജോലി ചെയ്തു വന്നാല്‍ സീരിയലിന്റെ മുന്നിലാകുന്നത് കാരണം കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്നില്ല. ഞാന്‍ പഠിക്കുന്ന കാലത്ത് അധ്യാപകരുടെ ശമ്പളം ഏഴു രൂപയായിരുന്നു. ഇതും തികച്ചു കൊടുക്കാന്‍ മാനേജര്‍മാര്‍ തയാറായിരുന്നില്ല. ആ കാലത്ത് പോലും കുട്ടികള്‍ ഭക്ഷണം കഴിക്കാതെ വന്നാല്‍ ഈ തുഛമായ ശമ്പളത്തില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കും. ദാരിദ്ര്യം നിറഞ്ഞ കൂട്ടുകുടുംബ വ്യവസ്ഥയിലും വായനയ്ക്ക് പ്രധാന്യം നല്‍കിയിരുന്നു. അന്ന് അമ്മമാരും സഹോദരിമാരും ഉദ്യോഗത്തിനോ മറ്റേതെങ്കിലും ജോലിക്കോ പോയിരുന്നില്ല. പുരുഷന്‍മാര്‍ മാത്രമായിരുന്നു ജോലിക്ക് പോയിരുന്നത്. അതു കൊണ്ടു തന്നെ കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കാന്‍ സ്ത്രീകള്‍ക്ക് ഏറെ സമയമുണ്ടായിരുന്നു. അണുകുടുംബമായതോടെ മറ്റ് മേഖലയിലേത് പോലെ വായനയിലും വലിയ തോതിലുള്ള മാറ്റം സംഭവിച്ചെന്നും ടി.പദ്മനാഭന്‍ പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് എം.മോഹനന്‍ അധ്യക്ഷനായിരുന്നു. 16 മേഖലയില്‍നിന്ന് എല്‍പി, യുപി, വനിതാ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 450 മത്സരാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി കോളജ് വിദ്യാര്‍ഥികളുമാണ് ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍