ജയറാം കൊട്ടിക്കയറി, ആസ്വാദകരുടെ ആവേശത്തിലേക്ക്

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ 147 കലാകാരന്മാരുടെ മേള പ്രമാണിയായി നടന്‍ ജയറാം കൊട്ടിക്കയറിയപ്പോള്‍ കണ്ടുനിന്നുവര്‍ക്കും ആവേശം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എട്ടാം ദിവസത്തില്‍ രാവിലെ 8.50 ന് ശിവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറിയത്. ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയ്ക്കു മുന്നില്‍ ആറാം തവണയാണ് ജയറാമിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറിയത്. സിനിമാ നടന്‍ മേളപ്രമാണിയായി നടത്തിയ പഞ്ചാരിമേളം കാണാനും ആസ്വദിക്കാനുമായി സ്ത്രീകളടക്കം വന്‍ ജനാവലിയാണ് ക്ഷേത്രാങ്കണത്തില്‍ തിങ്ങിനിറഞ്ഞത്. കിഴക്കെ നടപ്പുരയില്‍ ശിവേലി എഴുന്നള്ളിപ്പ് ആരംഭിച്ചതോടെ പവിഴമല്ലിത്തറയുടെ ഭാഗത്തായി 147 വാദ്യകലാകാരന്മാര്‍ അണിനിരന്നു. മേളപ്രമാണിയായി ഇടം തലയില്‍ നിന്ന ജയറാമിനടുത്തായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍, ആനിക്കാട്ട് കൃഷ്ണകുമാര്‍ മാരാര്‍, ആനിക്കാട്ട് ഗോപകുമാര്‍ തുടങ്ങി 15 വാദ്യക്കാര്‍ അണിചേര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍