ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിനു വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ ക്രമക്കേടില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്. മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കരാറുകാരനു മുന്‍കൂര്‍ തുക നല്‍കിയതിലാണ് അന്വേഷണം. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഇത്തരത്തില്‍ അന്വേഷണം തുടങ്ങണമെങ്കില്‍ സര്‍ക്കാരിന് മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോര്‍ട്ട്. മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി കരാറുകാര്‍ക്ക് അനുവദിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടെന്നു വിജിലന്‍സ് സംശയിക്കുന്നു. എട്ടേകാല്‍ കോടി മുന്‍കൂറായി അനുവദിച്ച് ഉത്തരവിറക്കിയതിലാണു മന്ത്രിക്കെതിരായി അന്വേഷണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍