ഡല്‍ഹിയില്‍ മൂന്ന് ജെയ്‌ഷെ ഭീകരര്‍

രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി സുരക്ഷാവലയത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് കേന്ദ്രീകൃത സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് കടന്ന ഭീകരര്‍ ഇപ്പോള്‍ ഡല്‍ഹിയിലേക്കും വന്നിട്ടുണ്ട് എന്ന സൂചനയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. മൂന്ന് ജെയ്‌ഷെ ഭീകരരെങ്കിലും ഡല്‍ഹിയിലേക്ക് എത്തിച്ചര്‍ന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. മൂന്നോ നാലോ ഭീകരര്‍ ഡല്‍ഹിയിലേക്ക് എത്തിയിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും സുരക്ഷ കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശങ്ങളും ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഡല്‍ഹിയിലും പഞ്ചാബിലും ഇപ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആകെ എട്ടോ പത്തോ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്ന സൂചനയാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് അമേരിക്ക നല്‍കിയിരിക്കുന്നത്. വ്യോമതാവളങ്ങള്‍ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്ന സൂചനയാണ് ലഭിച്ചിട്ടുണ്ട്. അമൃത്സര്‍, പഠാന്‍കോട്ട്, ശ്രീനഗര്‍ എന്നിവിടങ്ങളിലുള്ള വ്യോമതാവളങ്ങള്‍ക്ക് ശക്തമായ സുരക്ഷ നല്‍കാനുള്ള നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കാനും ആലോചിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍