ഉംറ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഉംറ സര്‍വ്വീസ് കമ്പനികള്‍

സൗദി: ഉംറ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഉംറ സര്‍വ്വീസ് കമ്പനികള്‍. ടൂറിസ്റ്റ് വിസ രീതിയില്‍, വനിതകള്‍ക്ക് മഹറമില്ലാതെ ഉംറ ചെയ്യാന്‍ അവസരമൊരുക്കണമെന്നും കമ്പനികള്‍ ഹജ്ജ്, ഉംറ മന്ത്രിയോട് ആവശ്യപ്പെട്ടു. ഉംറ കമ്പനികളുടെ ആവശ്യങ്ങളില്‍ പഠനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ മഹറം അഥവാ വിവാഹബന്ധം നിശിദ്ധമായ പുരുഷ രക്ഷകര്‍ത്താവിനോടൊപ്പം മാത്രമേ വിദേശികളായ സ്ത്രീകള്‍ക്ക് തീര്‍ത്ഥാടനത്തിന് അനുമതിയുള്ളൂ. അല്ലെങ്കില്‍ 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സംഘടിത ഉംറ ഗ്രൂപ്പ് വഴിയും ഉംറ ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ ടൂറിസ്റ്റ് വിസകളിലെത്തുന്ന വനിതകളെ മഹറമില്ലാതെ തന്നെ ഉംറ ചെയ്യാന്‍ അനുവദിക്കുന്ന ചട്ടം ഈയിടെ പ്രാബല്യത്തില്‍ വന്നതാണ്.ഈ രീതിയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കുന്നതിനെ കുറിച്ച് ഹജ്ജ് ഉംറ മന്ത്രാലയം പഠനം നടത്തും. ഉംറ സര്‍വ്വീസ് കമ്പനി ഉടമകളും, ഹജ്ജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിന്‍തനും തമ്മില്‍ നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. മഹറം വ്യവസ്ഥ റദ്ദാക്കല്‍ ഉള്‍പ്പെടെ 11 കാര്യങ്ങളില്‍ ഹജ്ജ്, ഉംറ മന്ത്രിയുമായി നടത്തിയ കൂടികാഴ്ചയില്‍ ധാരണയിലെത്തിയതായി മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഹജ്ജ്, ഉംറ കമ്മറ്റി പ്രസിഡണ്ട് മര്‍വാന്‍ ശഅ്ബാന്‍ പറഞ്ഞു. അതേ സമയം ഉംറ സേവന കമ്പനികള്‍ സേവന നിലവാരം മെച്ചപ്പെടുത്തണമെന്ന് കൂടികാഴ്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍