സര്‍വനാശം വിതച്ച് കാട്ടുതീ; വീടുപേക്ഷിച്ച് ഹോളിവുഡ് താരങ്ങള്‍

 ലോസ് ഏഞ്ചല്‍സ്: കാറ്റിനൊപ്പം കുതിക്കുന്ന കാട്ടുതീയില്‍ വെന്തുരുകി ലോസ് ഏഞ്ചല്‍സ്. ദിവസങ്ങളായി തുടരുന്ന അഗ്‌നിയെ മെരുക്കാനാവാതെ വന്നതോടെ ഹോളിവുഡ് താരങ്ങളായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രാത്രി വീടുപേക്ഷിച്ച് പലായനം ചെയ്തു. അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ കോടിക്കണക്കിന് രൂപ മൂല്യമുള്ള നിരവധി വീടുകളടക്കം പതിനായിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന കിഴക്കന്‍ ലോസ് ഏഞ്ചല്‍സിലെ ബ്രെന്റ് വുഡില്‍ നിന്നും പ്രശസ്ത ഹോളിവുഡ് നടന്‍മാരായ ക്ലാര്‍ക്ക് ഗ്രെഗ്ഗ്,കുര്‍ട് ഷട്ടര്‍, ബാസ്‌കറ്റ്ബാള്‍ താരം ലെബ്രോണ്‍ ജെയിസ് തുടങ്ങിയവരും രാത്രിയില്‍ കോടികള്‍ വിലവരുന്ന വീടുപേക്ഷിച്ച് പോയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'പാതിരാത്രിയില്‍ ജീവനുംകൊണ്ട് ഓടുകയായിരുന്നു'വെന്ന് ഷ്വാര്‍സ്‌നെഗര്‍ ട്വീറ്റ് ചെയ്തു. അഗ്‌നിബാധയുടെ പശ്ചാത്തലത്തില്‍ ബ്രെന്റ് വുഡില്‍ നടക്കാനിരുന്ന ഷ്വാര്‍സ്‌നെഗറുടെ പുതിയ ചിത്രം 'ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റി'ന്റെ പ്രീമിയര്‍ മാറ്റിവച്ചു. ഇതിനായി തയ്യാറാക്കിയ ഭക്ഷണവസ്തുക്കള്‍ അഗ്‌നിബാധ മൂലം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കാനായി സന്നദ്ധ സംഘടനകളെ ഏല്പിച്ചതായി പാരാമൗണ്ട് പിക്‌ചേഴ്‌സ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച കാട്ടുതീ വളരെ വേഗത്തിലാണ് പടര്‍ന്നുപിടിച്ചത്. ആയിരക്കണക്കിനു പേര്‍ വീടുപേക്ഷിച്ച് സുരക്ഷിത താവളങ്ങളിലേക്ക് മാറി. തീ കെടുത്താന്‍ ആയിരത്തിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രശ്രമത്തിലാണ്. തീ പടരാനിടയുള്ള മേഖലയിലെ പതിനായിരത്തോളം വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിലെമ്പാടും പുകയും ചാരവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ 25,000ഓളം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. കടുത്ത പുകയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോര്‍ണിയ താത്കാലികമായി അടച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍