വൈദ്യുതി മതില്‍, പാമ്പ്, ചീങ്കണ്ണി..! കുടിയേറ്റക്കാരെ തടയാന്‍ വഴികളുമായി ട്രംപ്

 വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ തടയാന്‍ യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ വൈദ്യുതി മതിലും പാമ്പും ചീങ്കണ്ണിയുമുള്ള കിടങ്ങുകളും നിര്‍മിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസ് ഉപദേഷ്ടാക്കളുമായി ട്രംപ് പങ്കുവച്ച ആശയം ന്യൂയോര്‍ക്ക് ടൈംസാണു വെളിപ്പെടുത്തിയത്. കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച മതില്‍ തീര്‍ക്കണം. ഇതില്‍ ശരീരം കീറിമുറിയുന്ന തരത്തില്‍ കൂര്‍ത്തവസ്തുക്കള്‍ പതിക്കണം. അങ്ങനെ ചെയ്താല്‍ അതു മനുഷ്യ മാംസത്തില്‍ തുളഞ്ഞുകയറും. ദക്ഷിണാതിര്‍ത്തിയില്‍ കിടങ്ങുനിര്‍മിച്ച് അതില്‍ വെള്ളംനിറച്ചു പാമ്പിനെയും ചീങ്കണ്ണികളെയെയും വളര്‍ത്തണം. കുടിയേറ്റക്കാരെ ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ കാലിനു വെടിവയ്ക്കാനും ട്രംപ് പറഞ്ഞതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്‌സിക്കോയുമായുള്ള 2000 മൈല്‍ അതിര്‍ത്തി ഒറ്റ ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നു ട്രംപ് വാശിപിടിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ എട്ടിനു പുറത്തിറങ്ങുന്ന 'ബോര്‍ഡര്‍ വാര്‍സ്: ഇന്‍സൈഡ് ട്രംപ്‌സ് അസോള്‍ട്ട് ഓണ്‍ ഇമിഗ്രേഷന്‍' എന്ന പുസ്തകത്തിലെ ഭാഗങ്ങളാണു ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. മാര്‍ച്ചില്‍ വൈറ്റ് ഹൗസില്‍ ട്രംപ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണു പുസ്തകത്തിന്റെ ഇതിവൃത്തം. മാധ്യമപ്രവര്‍ത്തകരായ മൈക്കല്‍ ഷിയര്‍, ജൂലി ഡേവിസ് എന്നിവരാണു രചയിതാക്കള്‍. ആഭ്യന്തരസുരക്ഷാ സെക്രട്ടറി കിര്‍സ്‌ജെന്‍ നീല്‍സണ്‍, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, കസ്റ്റംസ്, അതിര്‍ത്തി സുരക്ഷാവിഭാഗം മേധാവി സ്റ്റീഫന്‍ മില്ലര്‍, ട്രംപിന്റെ മരുമകന്‍ ജാര്‍ദ് കുഷ്‌നര്‍ തുടങ്ങിയവരാണു യോഗത്തില്‍ പങ്കെടുത്തത്. കുടിയേറ്റവിഷയത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി നീല്‍സണെയും പോംപിയോയെയും ട്രംപ് ശകാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍