കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്‌മെന്റ് നടപടി തുടങ്ങി

തിരുവനന്തപുരം:ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്. ആര്‍. ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്ന് ഉച്ചവരെ മാത്രം മുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി. ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്‌മെന്റ് നടപടി തുടങ്ങി.എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ 10ാംദിവസമാണ് കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത്.ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ന് 321 സര്‍വീസുകള്‍ ഇതുവരെയായി റദ്ദാക്കി.തെക്കന്‍മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.141 എണ്ണം.ഇന്നലെ 1352 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. താല്‍ക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. അതിനിടെ ജീവനക്കാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് പിന്നാലെ ശമ്പള വിതരണത്തിനുളള നടപടികള്‍ മാനേജ്‌മെന്റ് തുടങ്ങി. ഓപ്പറേഷന്‍ വിഭാഗത്തിലെ 80 ശതമാനം ജീവനക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ ശമ്പളം നല്‍കി.സര്‍ക്കാറില്‍ നിന്ന് പ്രതിമാസ ധനസഹായമായി 16 കോടി രൂപ കിട്ടിയതോടെയാണ് ശമ്പളം വിതരണം ചെയ്തത്.വരും ദിവസങ്ങളിലെ വരുമാനത്തില്‍ നിന്ന് ബാക്കിയുളളവര്‍ക്ക് ശമ്പളം നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. നേരത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പൂവാര്‍ ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാരന്‍ ബസ് തടഞ്ഞിരുന്നു.ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍