സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും: ടിക്കാറാം മീണ

 കാസര്‍ഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ഡലത്തില്‍ 101 പോളിംഗ് സ്റ്റേഷനുകള്‍ സെന്‍സിറ്റീവ് ആണ്. ഇതില്‍ 17 ബൂത്തുകള്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നാണ്. അവിടെ വെബ് കാസ്റ്റിംഗ് സംവിധാനമേര്‍പ്പെടുത്തും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തില്‍ ആള്‍മാറാട്ടം തടയാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. സുതാര്യവും വിശ്വസനീയവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തും. നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്ന അവസാന തീയതിക്കു ശേഷം ആന്റി ഡീഫേസ്‌മെന്റ് വീഡിയോ സര്‍വയലന്‍സ് പ്രവര്‍ത്തനം ശക്തമാകും. ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കും. ഇവിഎം വിവിപാറ്റ് ബോധവത്കരണം നല്‍കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരിശീലനം നല്‍കും. 49 എംഎ എന്ന നിയമപ്രകാരം വോട്ടെടുപ്പിനിടെ സംശയം തോന്നിയാല്‍ അത് ഉന്നയിക്കാം. വോട്ടറുടെ പരാതി അസത്യമാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. ഇവിഎം മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച് ഉന്നയിച്ച രണ്ടു പരാതികളും തെറ്റാണെന്ന് തെളിഞ്ഞു. വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇതു മനസിലാക്കണം. ഇവിഎം വിവിപാറ്റിനെക്കുറിച്ച് അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്. ഇവിഎം വിവിപാറ്റ്‌മെഷീനുകള്‍ വിശ്വസനീയമാണ്. പ്രശ്‌നസാധ്യത ബൂത്തുകളില്‍ ക്രിട്ടിക്കല്‍ ബൂത്തുകള്‍ പ്രത്യേകം പരിഗണിച്ചു നടപടിയെടുക്കും. മണ്ഡലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സൂക്ഷിപ്പുകേന്ദ്രത്തിന് ടിക്കാറാം മീണ ശിലാസ്ഥാപനം നടത്തി സിവില്‍ സ്‌റ്റേഷന്‍ വളപ്പിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. അവലോകനയോഗത്തില്‍ ജനറല്‍ ഒബ്‌സര്‍വര്‍ വി. യശ്വന്ത, ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫ്, മഞ്ചേശ്വരം മണ്ഡലം വരണാധികാരി എന്‍. പ്രേമചന്ദ്രന്‍, എഡിഎം അജേഷ്, ആര്‍ഡിഒ കെ. രവികുമാര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍. രാധിക, ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ദേവീദാസ്, ആര്‍.കെ. രമേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍