ചിദംബരത്തിന് ജാമ്യമില്ല

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനാകുമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് അപേക്ഷ തള്ളിയത്. ഇതോടെ ചിദംബരം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ തുടരും. ചിദംബരം ശക്തനായ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു. ഇപ്പോള്‍ എം.പിയാണ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനമുണ്ട്. വിദേശത്തും ചില ബന്ധങ്ങളുണ്ടാകാം. അതിനാല്‍ നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി)അനുമതിക്കായി അപേക്ഷ നല്‍കുന്നതിന് മുന്‍പ് തന്നെ ഐ.എന്‍.എക്‌സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും ചിദംബരത്തെ കണ്ടിരുന്നുവെന്ന സി.ബി.ഐ വാദം കോടതി മുഖവിലക്കെടുത്തു. ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് എഫ്.ഐ.പി.ബി അനുമതി ലഭിക്കുന്ന കാലഘട്ടത്തില്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികള്‍ക്ക് വലിയ തോതില്‍ പണം ലഭിച്ചതായും നിരീക്ഷിച്ചു. മുദ്രവച്ച കവറില്‍ സി.ബി.ഐ നല്‍കിയ തെളിവുകളും കോടതി പരിഗണിച്ചു. ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍വച്ച് ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 5 മുതല്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്. 2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയതിന് കൈക്കൂലിയായി ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും പണം ലഭിച്ചുവെന്നാണ് ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍