ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രവുമായി ജീത്തു ജോസഫ്, നായിക തൃഷ

മലയാള സിനിമയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച ദൃശ്യത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി ത്രിഷയാണ് ലാലിന്റെ നായികയായി എത്തുക എന്നാണ് സൂചന. കുറ്റാന്വേഷണത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നത് തന്നെയാണ് അണിയറയില്‍ നിന്നുവരുന്ന ഈ വാര്‍ത്ത.മലയാളസിനിമാ ലോകത്തിന് ആദ്യമായി 50 കോടി സമ്മാനിച്ചത് ദൃശ്യമായിരുന്നു. അഞ്ചരക്കോടിക്ക് പൂര്‍ത്തിയാക്കിയ ചിത്രം മലയാള സിനിമാ വ്യവസായത്തിനു തന്നെ പുത്തനുണര്‍വേകുകയായിരുന്നു. ദൃശ്യത്തിന്റെ പാത പിന്തുടര്‍ന്നാണ് പ്രേമം, ഒപ്പം, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം സഞ്ചരിച്ചത്. ഇതില്‍ പുലിമുരുകന്‍ മലയാളത്തിലെ ആദ്യ നൂറുകോടിപ്പടമാവുകയും ചെയ്തു. ദൃശ്യത്തിന് ശേഷം നിരവധി സിനിമകള്‍ സംവിധാനം ചെയ്‌തെങ്കിലും എന്നാണ് മോഹന്‍ലാലുമായി ഒന്നിക്കുക എന്നത് ജീത്തു ജോസഫ് നിരന്തരം നേരിട്ട ചോദ്യമായിരുന്നു. അതിനാണ് ഇപ്പോള്‍ തിരശീല വീണിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. നിവിന്‍ പോളി ചിത്രം ഹേയ് ജൂഡിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച തൃഷ ആദ്യമായാണ് മോഹന്‍ലാലിന്റെ നായികയാകുന്നത് എന്നതും പ്രത്യേകതയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍