പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് സുപ്രിംകോടതിയോട് കമല്‍ഹാസന്‍

ചെന്നൈ:രാജ്യത്തെ ആള്‍കൂട്ട കൊലപാതകങ്ങളിലും, ജയ്ശ്രീ റാം വിളിച്ചുള്ള ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയ നടപടിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. 'സ്വരച്ചേര്‍ച്ചയുള്ള ഇന്ത്യയെയാണ് പ്രധാനമന്ത്രി സ്വപ്‌നം കാണുന്നതെന്നാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാകുന്നത്.
രാജ്യവും അതിന്റെ മഹത്തായ നിയമ വ്യവസ്ഥയും വാക്കിലും പ്രവൃത്തിയിലും അത് പാലിക്കേണ്ടതല്ലേ... എന്റെ സഹപ്രവര്‍ത്തകരായ 49 പേര്‍ക്കെതിരെ ചുമത്തപ്പെട്ട ഈ രാജ്യദ്രോഹക്കുറ്റം തീര്‍ത്തും പ്രധാനമന്ത്രിയുടെ അഭിലാഷങ്ങള്‍ക്ക് വിരുദ്ധമാണ്'. കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.'ബീഹാറില്‍ നിന്നും ഉയര്‍ന്നു വന്ന ഈ കോടതി വിധി റദ്ദാക്കുവാനും, ജനാധിപത്യ സംവിധാനത്തിലെ നീതിവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുവാനും സുപ്രീംകോടതി മുന്നിട്ടിറങ്ങണമെന്ന് ഒരു പൌരനെന്ന നിലക്ക് താന്‍ അപേക്ഷിക്കുകയാണ്' കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ജൂലൈയിലാണ് ബുദ്ധിജീവികളും, കലാകാരന്‍മാരും, സിനിമാ പ്രവര്‍ത്തകരുമടങ്ങിയ 49 പേര്‍ രാജ്യത്തെ ആള്‍കൂട്ട കൊലപാതകങ്ങളിലും, ജയ്ശ്രീ റാം വിളിച്ചുള്ള ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്.പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സിനിമാ പ്രവര്‍ത്തകരായ മണിരത്‌നം, അനുരാഗ് കഷ്യപ്, അപര്‍ണ്ണാസെന്‍, രേവതി തുടങ്ങിയ പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റമടക്കം നിരവധി വകുപ്പുകള്‍ ചുമത്തി മുസഫര്‍പുര്‍ കോടതി നിര്‍ദ്ദേശ പ്രകാരം ബീഹാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍