പിഎച്ച്‌സികളെയെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങ ളെയും കുടുംബാരോഗ്യ കേന്ദ്ര ങ്ങളായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ വലിയ പങ്കാളിത്തം തദ്ദേശ സ്ഥാ പനങ്ങളുടെ ഭാഗത്തുനിന്നു ണ്ടായെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. അതില്‍ ഒരു ഡോക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം നിയമിച്ചതാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍വഹണത്തിനും മറ്റും രാജ്യം ശ്രദ്ധിക്കത്തക്ക രീതിയില്‍ പുതിയ അധ്യായം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ രചിച്ചിട്ടുണ്ട്. ജനകീയാസൂത്രണം അത്തരത്തില്‍ ഒന്നാണ്. അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ മാനം ഇതിലൂടെ പ്രകടമായി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അധികാര വികേന്ദ്രീകരണത്തെ കുറിച്ച് മനസിലാക്കാന്‍ ആളുകള്‍ കേരളത്തിലെത്തി. അതിനു കാരണം ഈ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളാണ്. ഏതൊരു പ്രവൃത്തിയും മുന്നില്‍നിന്നു നയിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് സാധിക്കുക. സമ്പൂര്‍ണ സാക്ഷരതാ യജ്ഞം, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും അവയുടെ ഇടപെടല്‍ വലുതാണ്. പൊതു വിദ്യാലയങ്ങള്‍ ശോഷിച്ചുപോകുന്നു, വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു, ചില സ്‌കൂളുകള്‍ അടച്ചിടുന്നു തുടങ്ങിയ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക മിഷന്‍ നടപ്പിലാക്കിയത്. അത്ഭുതകരമായ മാറ്റം അതിലുണ്ടായി. തദ്ദേശ സ്ഥാപനങ്ങളാണ് അതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. നാടിന്റെ സഹകരണം ഉറപ്പാക്കാന്‍ അവര്‍ക്കായി. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആയി. പ്രൈമറി തലം മുതല്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുകയാണ്. കാലപ്പഴക്കത്തില്‍ ചില സ്‌കൂളുകള്‍ ശോച്യാവസ്ഥയിലാണ്. അവയുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെടെ മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ചെങ്ങളായി ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ കെ.സി. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍