നിരാശനായി ചെയ്ത പ്രവര്‍ത്തി മാര്‍ക്രത്തിന് പാരയായി

റാഞ്ചി: ഇന്ത്യക്കെതിരേ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം പുറത്ത്. പൂനയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കുറഞ്ഞ സ്‌കോറില്‍ പുറത്തായതിനു പിന്നാലെ നിരാശനായ മാര്‍ക്രം ഡ്രസിംഗ് റൂമില്‍വച്ച് കട്ടിയുള്ള വസ്തുവില്‍ കൈകൊണ്ട് ഇടിച്ചിരുന്നു. ഇടിയുടെ ശക്തിയില്‍ മാര്‍ക്രത്തിന്റെ കൈക്കുഴയ്ക്ക് പരിക്കേറ്റു. കൈക്കുഴയ്ക്ക് പൊട്ടലുള്ളതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കി നാട്ടിലേക്ക് മടക്കി അയയ്ക്കുന്നത്. മാര്‍ക്രത്തിന് പകരം ആരെയും പ്രഖ്യാപിച്ചിട്ടില്ല. സമാന രീതിയില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷും കഴിഞ്ഞ ദിവസം പരിക്കേറ്റ് പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് പുറത്തായിരുന്നു. അവസാന ടെസ്റ്റില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മാര്‍ക്രം പറഞ്ഞു. ടീം അംഗങ്ങളോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ അഞ്ച്, 39 റണ്‍സ് വീതമെടുത്ത മാര്‍ക്രം രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും പൂജ്യത്തിന് പുറത്തായിരുന്നു.ആദ്യ ടെസ്റ്റില്‍ 203 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 137 റണ്‍സിനും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ ഇറങ്ങിയ 50ാം മത്സരമായിരുന്നു പൂനയിലേത്. റാഞ്ചി ടെസ്റ്റിലും മികച്ച ജയം നേടി പരമ്പര 3-0നു സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കോഹ്‌ലി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍