താനൂര്‍ കൊലക്കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂരില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ശരിയായ ദിശയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതികളിലൊരാളുടെ സഹോദരനെ മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ ആക്രമിച്ചിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസിലെ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിച്ചില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ വച്ച് മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്. സ്വന്തം വീടിന് സമീപത്തു വച്ച് വെട്ടേറ്റ ഇസഹാക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.ഒമ്പത് പ്രതികളുള്ള കേസില്‍ നിലവില്‍ മൂന്ന് പേരെയാണ് പിടി കൂടിയിട്ടുള്ളത്. അബ്ദുള്‍ മുഫീസ്, മഷൂദ്, താഹമോന്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍