വ്യോമസേനാ താവളങ്ങളില്‍ ജയ്‌ഷെയുടെ ചാവേറാക്രമണ ഭീഷണി

അഞ്ചിടത്ത് ഓറഞ്ച് അലേര്‍ട്ട്

ശ്രീനഗര്‍: വ്യോമസേനാ താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളിലാണ് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം. സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മുകശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്. ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് അഞ്ച് പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും വലിയ സുരക്ഷാ മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട്. പത്തോളം പേരുള്ള ചാവേര്‍സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. അതേസമയം, പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി തുടര്‍ന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും ഇന്ത്യ മടക്കില്ലെന്ന് കരസേനാ മേധാവി, ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പതിവ് ഒളിച്ചുകളി നടക്കില്ല. ഭാവിയില്‍ ഇന്ത്യയുടെ നടപടി എന്താകുമെന്ന് സര്‍ജിക്കല്‍ ആക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവും തെളിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്റ്റ് അഞ്ചിനു ശേഷം താഴ്‌വരയില്‍ ഭീകരരെ കടത്തിവിട്ട് അശാന്തി പടര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. ഭീകരര്‍ക്ക് ആക്രമത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിന് ഇന്ത്യ ഒരവസരവും നല്‍കുന്നുമില്ല. ാശ്മീരിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കിയെന്നും അവര്‍ക്ക് ഇനി രാജ്യത്ത് എവിടെയും പോകാനും ഇഷ്ടമുള്ളത് ചെയ്യാനും കഴിയുമെന്നും ജനറല്‍ റാവത്ത് ചൂണ്ടിക്കാട്ടി. നാഫെഡ് വഴി ആപ്പിള്‍ ശേഖരിക്കാനുള്ള നടപടി അടക്കം സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിച്ചവരെയാണ് കശ്മീരില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നും കരസേനാ മേധാവി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍