യുവാവിന്റെ മരണത്തില്‍ വീഴ്ചപറ്റിയെന്നു കണ്ടെത്തല്‍

തൃശൂര്‍: എക്‌സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായെന്നു കണ്ടെത്തല്‍. വകുപ്പു തല അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യുവാവിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ ജീപ്പിലുണ്ടായിരുന്നെന്നു കണ്ടെത്തി. ഈ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. യുവാവിന്റെ മരണം മര്‍ദനമേറ്റെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെളിപ്പെട്ടിരുന്നു. മലപ്പുറം തൃപ്പന്‍കോട് കൈമലശേരി സ്വദേശി കരുമത്തില്‍ രഞ്ജിതാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്. രഞ്ജിത്തിനു മര്‍ദനമേറ്റെന്നു സ്ഥിരീകരിക്കുന്ന കണ്ടെത്തലുകളാണു പുറത്തുവന്നിരിക്കുന്നത്. തലയ്ക്കും മുതുകിലുമേറ്റ മര്‍ദനമാണു മരണ കാരണം. പന്ത്രണ്ടോളം ക്ഷതങ്ങളുണ്ട്. കൈമുട്ട് ഉപയോഗിച്ചു മര്‍ദിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകുന്നേരം ഗുരുവായൂരില്‍നിന്നു രണ്ടുകിലോ കഞ്ചാവു സഹിതം ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് എക്‌സൈസിന്റെ വിശദീകരണം. എന്നാല്‍, ഇയാളെ പിടികൂടിയത് ഗുരുവായൂരില്‍നിന്നല്ല, തിരൂരില്‍നിന്നാണെന്നും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗുരുവായൂരില്‍നിന്നു തൃശൂരിലേക്കു കൊണ്ടുവരുന്നതിനിടെ വാഹനത്തില്‍വച്ച് അപസ്മാരം ബാധിച്ചു കുഴഞ്ഞുവീണു എന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം. ആശുപത്രിയിലെത്തും മുമ്പേ ഇയാള്‍ മരിച്ചതായി ആദ്യം പരിശോധിച്ച ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു.രഞ്ജിത്തിന്റെ അറസ്റ്റ് മുതല്‍ എക്‌സൈസ് നടപടികളിലെ വൈരുധ്യംവരെ നേരത്തേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു മരണം മര്‍ദനം മൂലമാണെന്ന സ്ഥിരീകരണമുള്ളത്. ഗുരുവായൂര്‍ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍