ശ്രമം വിഫലം; സുജിത്ത് യാത്രയായി

കോയമ്പത്തൂര്‍:തമിഴ്‌നാട് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ സുജിത്ത് മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ കുഴല്‍ക്കിണറില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം അഴുകിയ നിലയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു . കുഴല്‍ക്കിണറിലൂടെ തന്നെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുട്ടിയെ രക്ഷപ്പെടുത്താനായി ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പക്ഷെ ഇതൊന്നും ഫലം കണ്ടില്ല. കുട്ടിയെ രക്ഷിക്കുന്നതിനായി സമാന്തരമായി കിണര്‍ കുഴിച്ചെങ്കിലും പകുതി കുഴിക്കുമ്പോഴേക്കും കാഠിന്യമേറിയ പാറ കണ്ടെത്തിയതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായത്. പിന്നീട് വീണ്ടും വേറൊരു സമാന്തര കുഴി കുഴിക്കുന്നതിനിടെയാണ് കുഴിയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി അനുഭവപ്പെട്ടത്. 25ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്‍ സമീപത്തുള്ള കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു, ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍. കിണറിന് 1000 അടി താഴ്ചയുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ പഞ്ചാബിലെ ഭഗ്വന്‍പുര ഗ്രാമത്തിലും സമാനസംഭവമുണ്ടായിട്ടുണ്ട്. ആറ് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമായിരുന്നു രണ്ട് വയസുകാരനായ കുട്ടിയെ പുറത്തെത്തിച്ചത്. എന്നാല്‍ പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍