ലിവര്‍പൂളിന്റെ കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റര്‍

മാഞ്ചസ്റ്റര്‍: യൂറോപ്യന്‍ ക്ലബ്ബ് ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ വിജയക്കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 17 വിജയങ്ങളുമായി മിന്നും ഫോമിലായിരുന്ന യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തെ ചുവന്നകുപ്പായക്കാര്‍ 11 സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. 36ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോഡിന്റെ ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തിയപ്പോള്‍ 85ാം മിനുട്ടില്‍ സബ്സ്റ്റിറ്റിയൂട്ട് താരം ആദം ലല്ലാനയാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടിയത്. തൊട്ടുമുമ്പത്തെ മൂന്ന് മത്സരങ്ങളില്‍ ഒരു ജയം പോലുമില്ലാതെ സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിനെ നേരിടാനിറങ്ങിയ യുനൈറ്റഡ് തുടക്കംമുതല്‍ ആക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവെച്ചത്. സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ അഭാവത്തില്‍ ലിവര്‍പൂളിന്റെ നീക്കങ്ങള്‍ക്ക് വേഗത കുറവായിരുന്നു. ഇരുവശങ്ങളിലും അവസരങ്ങള്‍ തുറന്നശേഷം 36ാം മിനുട്ടില്‍ പ്രത്യാക്രമണത്തില്‍ നിന്നാണ് ആതിഥേയര്‍ അക്കൗണ്ട് തുറന്നത്.വലതുവിങ്ങിലൂടെ കുതിച്ചുപാഞ്ഞ് ഡാനിയല്‍ ജെയിംസ് നല്‍കിയ ക്രോസ് സമര്‍ത്ഥമായി റാഷ്‌ഫോഡ് വലയിലെത്തിക്കുകയായിരുന്നു. ഗോളിന് വഴിതുറന്ന നീക്കത്തിനിടെ ലിവര്‍പൂള്‍ താരം ദിവോക് ഓറിഗി ഫൗള്‍ ചെയ്യപ്പെട്ടുവെന്ന് ലിവര്‍പൂള്‍ താരങ്ങള്‍ വാദിച്ചെങ്കിലും വാര്‍ സഹായത്തോടെ റഫറി മാര്‍ട്ടിന്‍ ആറ്റ്കിന്‍സന്‍ ഇത് തള്ളുകയായിരുന്നു.മിനുട്ടുകള്‍ക്കുള്ളില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും വാര്‍ ഇടപെട്ട് അസാധുവാക്കി. ബോക്‌സിലേക്കിറങ്ങിയ പന്ത് നിയന്ത്രിക്കുന്നതിനിടെ സദിയോ മാനെ കൈകൊണ്ട് തൊട്ടതായിരുന്നു കാരണം.ഒരു ഗോള്‍ ലീഡുമായി ആദ്യപകുതിക്ക് കയറിയ മാഞ്ചസ്റ്റര്‍ രണ്ടാംപകുതിയില്‍ കൂട്ടമായി പ്രതിരോധിക്കാനാണ് ശ്രദ്ധിച്ചത്. ഇതോടെ ലിവര്‍പൂളിന് എതിര്‍ഹാഫില്‍ കളിമെനയാന്‍ കഴിഞ്ഞു. അതേസമയം, പ്രത്യാക്രമണങ്ങളിലൂടെ എതിര്‍ഗോള്‍ മുഖം വിറപ്പിക്കാനും ഒലേഗുണാര്‍ സോള്‍ജ്യേറിന്റെ സംഘത്തിന് കഴിഞ്ഞു. മത്സരം അവസാനഘട്ടത്തോടടുത്തപ്പോള്‍ ലിവര്‍പൂളിന്റെ കഠിനാധ്വാനം ഫലംചെയ്തു. ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന് പകരക്കാരനായിറങ്ങിയ ലല്ലാന, ആന്‍ഡി റോബര്‍ട്‌സന്റെ ക്രോസ് വലയിലേക്ക് തട്ടിയിട്ടാണ് ഒരു പോയിന്റെങ്കിലും ഉറപ്പാക്കിയത്.മത്സരശേഷം, മാഞ്ചസ്റ്റര്‍ പൂര്‍ണമായും പ്രതിരോധത്തിലൂന്നിയാണ് കളിച്ചതെന്ന് ലിവര്‍പൂള്‍ കോച്ച് ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍