കത്വ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്; കുരുക്ക്

ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സീനിയര്‍ പോലീസ് സൂപ്രണ്ടും അന്വേഷണ സംഘ തലവനുമായ ആര്‍.കെ. ജല്ല, എഎസ്പി പീര്‍സാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശര്‍മ, നിസാര്‍ ഹുസൈന്‍, എസ്‌ഐമാരായ ഇര്‍ഫാന്‍ വാനി, കെവാല്‍ കിഷോര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണു കോടതി ഉത്തരവ്. കേസിലെ സാക്ഷികളായ സച്ചിന്‍ ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണു പരാതിയുമായി കോടതിയെ സമീപിച്ചത്.
2018 ജനുവരിയിലാണു കത്വയിലെ ക്ഷേത്രത്തിനുള്ളില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍നിന്നു തുരത്തിയോടിക്കുന്നതിനാണു പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍വച്ചു പീഡിപ്പിച്ചതെന്നു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ പ്രധാന പ്രതികള്‍ക്കു കോടതി മരണം വരെ തടവുശിക്ഷ വിധിച്ചിരുന്നു. ബലാത്സംഗം ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്‌പെഷല്‍ പോലീസ് ഓഫീസറായ ദീപക് ഖജുരിയ, സാഞ്ചി റാമിന്റെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവര്‍ക്കാണു പത്താന്‍കോട്ടിലെ അതിവേഗകോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ജമ്മുവില്‍ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതില്‍ ഒരു പ്രതിഷേധ പ്രകടനത്തില്‍ അന്നത്തെ കശ്മീര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്ന രണ്ടു ബിജെപി മന്ത്രിമാരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍