ലഹരിമരുന്നു കേസുകളില്‍ എത്ര പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രതിക്കൂട്ടിലുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ലഹരിമരുന്നു കേസുകളില്‍ എത്ര പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രതിയാക്കപ്പെട്ടെന്നതു വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനും ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താനുള്ള ഏബണ്‍ കിറ്റുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന റിപ്പോര്‍ട്ടും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ലഹരിമരുന്നു കേസുകള്‍ വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. ഇതു സംബന്ധിച്ച് ഡിജിപി റിപ്പോര്‍ട്ട് നല്‍കാനാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജി പരിഗണിക്കവെ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 33,454 ലഹരി മരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡിജിപി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇതിലെത്ര സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ എന്നിങ്ങനെ കണക്കു നല്‍കാന്‍ നിര്‍ദേശിച്ചത്. ഉമിനീര്‍, മൂത്രം തുടങ്ങിയവ പരിശോധിച്ച് ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താനാവുന്ന ഏബണ്‍ കിറ്റുകള്‍ വാങ്ങാനും അഞ്ച് സിറ്റി പോലീസ് കമ്മീഷണര്‍മാരുടെ പരിധികളില്‍10 കിറ്റുകള്‍ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനു പുറമേ മള്‍ട്ടി സിക്‌സ് ഓറല്‍ ഡ്രഗ് ടെസ്റ്റ് കിറ്റുകള്‍ 25 എണ്ണം വാങ്ങിയിട്ടുണ്ട്. ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താന്‍ ഇതു ഫലപ്രദമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.2017, 2018 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ലഹരി മരുന്നു കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെന്നും അബ്കാരി നയം മൂലം മദ്യത്തിന്റെ ലഭ്യത കുറഞ്ഞതാണു കാരണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇതു ശരിയാകാമെന്നു വിലയിരുത്തിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍