പ്രചാരണം അണികളേറ്റെടുത്തു, വീറും വാശിയുമായ് അണികള്‍

തുറവൂര്‍: അരൂരിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം അണികള്‍ ഏറ്റെടുത്തതോടെ എങ്ങും വീറും വാശിയുമായിരിക്കുകയാണ്. ഞായറാഴ്ച അവധിയായതിനാല്‍ മൂന്നു മുന്നണിയുടെ പ്രവര്‍ത്തകരും ഭവന സന്ദര്‍ശനം നടത്തി സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന കൊടുക്കുന്നതിന്റെയും വോട്ടുറപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു. കെപിസിസി, ഡിസിസി, നേതാക്കളോടൊപ്പമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയത്. സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയത്. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങളും ചൂടുപിടിച്ചു വരുന്നു. അരൂര്‍ രാഷ്ട്രീയം ഇന്നും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേയുള്ള പൂതന പ്രയോഗത്തിലും ജാമ്യമില്ലാ വകുപ്പനുസരിച്ചുള്ള കേസിലും ചുറ്റിത്തിരിയുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്ര സമ്മേളനത്തിലും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പത്രസമ്മേളനത്തിലും നിയോജക മണ്ഡലം കണ്‍വന്‍ഷനുകളുടെ വേദിയിലും പ്രധാനമായും ഉന്നയിക്കപ്പെട്ടത് മന്ത്രി ജി. സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പൂതന പരാമര്‍ശമായിരുന്നു. കൂടാതെ മന്ത്രി നേരിട്ട് നല്‍കിയ നിര്‍ദേശത്തിലാണ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തതെന്ന് സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു വച്ചു. മന്ത്രി സുധാകരന്‍ തൈക്കാട്ടുശേരിയില്‍ വച്ച് നടന്ന ഒരു കുടുബ സംഗമത്തില്‍ പ്രസംഗിച്ച വാക്കുകളില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തിയെടുത്തെ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും നാട്ടിലെ വികസന പ്രവര്‍ത്തനം തടസപ്പെടുത്തിയതിന്റെ പേരിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തതെന്നുമാണ് എല്‍ഡിഎഫ് അരുര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വത്തിന്റെതായി ഇന്നലെ വന്ന പ്രസ്താവന. മറ്റു രാഷ്ട്രിയം മാറ്റി വിവാദമായ ഈ വിഷയങ്ങള്‍ക്കൊണ്ടു തന്നെ അരൂര്‍ ഉപതെരഞ്ഞെടുപ്പു കലങ്ങിമറിയുകയാണ്. എല്‍ഡിഎഫ് നേതാക്കള്‍ക്കും ഈ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയാണ്. എന്തായാലും വരും ദിവസങ്ങളിലും ഈ വിഷയം ആളിക്കത്തിക്കുവാനുള്ള നീക്കമാണ് യുഡിഎഫ് നേതൃത്വത്തിന്റെത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍