ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറിയാല്‍ ജയിലില്‍

മംഗളൂരു:ഓടുന്ന തീവണ്ടി യിലേ ക്ക് ചാടിക്കയറുക, പ്ലാറ്റ്‌ഫോമി ല്‍ വണ്ടിനിര്‍ത്തുംമുമ്പ് ചാടി യിറങ്ങുക, സ്റ്റെപ്പിലിരുന്ന് യാത്രചെയ്യുക തുടങ്ങിയവ തീവണ്ടിയാത്രയിലെ പതിവ് കാഴ്ചകളാണ്. എന്നാല്‍ ഇത്തരം അഭ്യാസം കാട്ടുന്നവര്‍ കരുതിയിരിക്കുക. മൂന്നുമാസംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജീവന്‍ പണയപ്പെടുത്തി ഇവര്‍ ചെയ്യുന്നത്. തടവിനുപുറമെ പിഴയുമടയ്‌ക്കേണ്ടിവരും.1989ലെ റെയില്‍വേ നിയമം 156ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. എന്നാല്‍, നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അധികൃതര്‍ 500 രൂപ പിഴയില്‍ ഒതുക്കുകയാണ് പതിവ്. മൂന്നുമാസം തടവുലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്ന് യാത്രക്കാര്‍തന്നെ പറയുന്നു.റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. എന്നാല്‍, യാത്രക്കാര്‍ ഇത് ഗൗരവത്തിലെടുക്കാറില്ല. ഇത്രയും ബോധവത്കരണം നടത്തിയിട്ടും മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ 10 മാസത്തിനിടെ നിയമലംഘനത്തിന് 80 പേര്‍ക്കക്കെതിരേ കേസെടുത്തിട്ടുണ്ട്.ന ഏറ്റവുമൊടുവില്‍ ഇന്നലെ ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ തീരുമാനിച്ചതായി മംഗളൂരു സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷന്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍ പറഞ്ഞു. തീവണ്ടിയില്‍ ചാടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍