ആഗോള സമൂഹത്തിന് വേണ്ട എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ

സൗദി:ആഗോള സമൂഹത്തിന് വേണ്ട എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ. ഏതുതരത്തിലുള്ള തീവ്രവാദ ഭീഷണികളെയും നേരിടാന്‍ ജി.സി.സി സായുധ സേന തയ്യാറാണെന്നും സൗദി മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാസം സൗദിയുടെ എണ്ണ ഉല്‍പാദനകേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്ന് 72 മണിക്കൂറിനുള്ളില്‍ വിതരണശേഷി പുനസ്ഥാപിക്കാനായതിനാല്‍, ആഗോളതലത്തില്‍ ആവശ്യമുള്ള എണ്ണ ഉല്‍പാദിപ്പിക്കുവാന്‍ രാജ്യം സന്നദ്ധമാണെന്ന്, കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നടന്ന റഷ്യന്‍ എനര്‍ജി വീക്കില്‍ സൗദി അറിയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വിശ്വസനീയവും സുരക്ഷിതവും സ്വതന്ത്രവുമായ എണ്ണ കയറ്റുമതി രാജ്യമെന്ന നിലയില്‍, ലോകത്തിന്റെ എണ്ണ ആവശ്യം നിറവേറ്റാനുള്ള രാജ്യത്തിന്റെ സന്നദ്ധത മന്ത്രിസഭയില്‍ ഊന്നിപറഞ്ഞതായി വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ മാധ്യമ മന്ത്രി തുര്‍ക്കി അല്‍ഷബാന പറഞ്ഞു. ഇത് ആഗോള എണ്ണ വിപണിക്ക് സ്ഥിരത കൈവരിക്കാന്‍ സഹായകരമാകും, കൂടാതെ ഒപെക്കിനകത്തും പുറത്തുമുള്ള രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുവാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍