മഹാരാഷ്ട്ര മുഖ്യമന്ത്രി വിചാരണ നേരിടണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചെന്ന ഹര്‍ജിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കെതിരേ കുറ്റങ്ങള്‍ ചുമത്തിയതിന്റെയും കുറ്റപത്രത്തില്‍ പേരുള്ളതിന്റെയും കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധമാണെന്നും അതു മറച്ചുവെയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 33 എ വകുപ്പിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സതീഷ് ഉക്കെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഫഡ്‌നാവിസിന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യമാണെന്നും ഇക്കാര്യം വേണ്ടവിധത്തില്‍ പരിശോധിക്കാതിരുന്ന ബോംബെ ഹൈക്കോടതി ഉത്തരവ് ന്യായീകരണമില്ലാത്തതാണെന്നും ചീഫ് ജസ്റ്റീസ് എഴുതിയ വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരേ ഉണ്ടായ സുപ്രീം കോടതി ഉത്തരവ് ബിജെപിക്കു വലിയ തിരിച്ചടിയാണ്. നാഗ്പൂര്‍ സൗത്തില്‍ നിന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍