ചര്‍ച്ചകള്‍ക്ക് തടസം ഭീകരര്‍ക്കുള്ള പാക് പിന്തുണ: അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള പ്രധാന തടസം അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇസ്‌ലാമാബാദ് നല്‍കുന്ന പിന്തുണയാണെന്ന് അമേരിക്ക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയാണ് ചര്‍ച്ചകള്‍ക്ക് പ്രധാന തടസം. 1972 ലെ സിംല കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന ചര്‍ച്ചകള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു യുഎസ് ദക്ഷിണമധ്യ ഏഷ്യ സ്റ്റേറ്റ് അസി. സെക്രട്ടറി അലിസ് ജി. വെല്‍സ് പറഞ്ഞു. 2006-07 കാലത്ത് നടന്ന പ്രതിനിധി ചര്‍ച്ചകളിലൂടെ കശ്മീര്‍ വിഷയങ്ങളിലടക്കം നിരവധി വിഷയങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. നിയന്ത്രണരേഖയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ലഷ്‌കര്‍ ഇ തയ്ബ, ജയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുന്നു. ഭീകരരുടെ നടപടികള്‍ക്ക് പാക് അധികൃതരാണ് ഉത്തരവാദികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏത് സഫലമായ ചര്‍ച്ചകളുടെയും അടിത്തറ പാക്കിസ്ഥാന്‍ അതിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് എതിരെയെടുക്കുന്ന ശക്തമായതും സുസ്ഥിരമായതുമായ നടപടികളാണ്. കാശ്മീരികളുടെ സമാധാനപൂര്‍ണമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള കശ്മീരികളുടെ അവകാശത്തെ യുഎസ് പിന്തുണയ്ക്കുന്നു. എന്നാല്‍ ചര്‍ച്ചകളെ അട്ടിമറിക്കാന്‍ ഭീതിയും സംഘര്‍ഷവും പരത്തുന്ന ഭീകരരുടെ നടപടികളെ അപലപിക്കുന്നതായും വെല്‍സ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍