ശിവകുമാറിന്റെ ജാമ്യത്തിനെതിരെ ഇഡി സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനു ജാമ്യം ലഭിച്ചതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിക്കുന്നു. കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാനാണ് ഇഡിയുടെ നീക്കം. ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തിനു ജാമ്യം ലഭിച്ചതിനെതിരെ കോടതിയെ സമീപിക്കാന്‍ സിബിഐ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ഇതോടെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങി. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയും ജസ്റ്റീസ് സുരേഷ് കൈറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശിവകുമാര്‍ പുറത്തുവന്നാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല. ഇത്തരം വാദങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലുള്ള വ സ്തുതാപരമായ തെളിവുകളൊന്നും ഏജന്‍സി ഹാജരാക്കിയിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി. സെപ്റ്റംബര്‍ മൂന്നിനാണ് ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നികുതി അടച്ചില്ല, രേഖകളില്ലാതെ കോടികളുടെ പണമി ടപാട് നടത്തി തുടങ്ങിയവയാണ് ശിവകുമാറിനെതിരേ ഇഡി ആരോപിക്കുന്നത്. 2013ല്‍ ഒരു കോടി രൂപ ആസ്തിയുണ്ടായിരുന്ന മകള്‍ ഐശ്വര്യയുടെ സന്പാദ്യം നൂറ് കോടിയിലേറെ വര്‍ധിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍