ട്രാഫിക് നിയമലംഘനത്തിനെതിരേ കര്‍ശന നടപടി വേണം: ഹൈക്കോടതി

കൊച്ചി: ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേന്ദ്രസംസ്ഥാന മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനുള്ള അധികാരം വിനിയോഗിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് ഒരു മാസത്തേക്ക് തന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരേ പാലക്കാട് മുതലമട സ്വദേശി സിജോ ജോസഫ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ചൂണ്ടിക്കാട്ടിയപോലെ അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍, സിഗ്‌നല്‍ ലൈറ്റ് ലംഘനം, ഹെല്‍മെറ്റ് സീറ്റ് ബെല്‍റ്റ് ലംഘനം, വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം, അമിതഭാരം തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകട നിരക്ക് ഇനിയും ഉയര്‍ന്നുകൊണ്ടേയിരിക്കും. ഇതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണം ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രികയ്ക്ക് പരിക്കേറ്റ സംഭവത്തിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. തന്റെ വിശദീകരണം കേള്‍ക്കാതെയുള്ള നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഗൗരവമുള്ള കുറ്റകൃത്യം നടന്നെന്ന് ബോധ്യമായാല്‍ അക്കാര്യം രേഖപ്പെടുത്തി ലൈസന്‍സ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതി വിധിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജിക്കാരന്റെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയ ഹൈക്കോടതി ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്റെ വിശദീകരണം കേട്ട് ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അപകടത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത നടപടി കുറ്റം തെളിയും മുമ്പ് ശിക്ഷ വിധിച്ചതിനു തുല്യമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. കോടതി മുഖേന കുറ്റം തെളിഞ്ഞശേഷമേ ലൈസന്‍സ് റദ്ദാക്കാനാവൂ എന്ന ഹര്‍ജിക്കാരന്റെ വാദം നിലനില്‍ക്കില്ലെന്നും ഇത് അംഗീകരിച്ചാല്‍ വാഹനാപകടങ്ങളില്‍ കോടതി വിധി വരും വരെ മോട്ടോര്‍ വാഹന വകുപ്പ് കാത്തു നില്‍ക്കേണ്ടി വരുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍