മരം മുറിച്ച് മെട്രോ നിര്‍മ്മാണം വേണ്ടെന്ന് സുപ്രീകോടതി

ന്യൂഡല്‍ഹി:മഹാരാഷ്ട്രയിലെ മുംബൈ മെട്രോ ഷെഡ് നിര്‍മാണത്തിനായി 'അരെ'യില്‍ മരം മുറിക്കുന്നതിനെതിരായ ഹരജിയില്‍ തത്സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. കോടതി ഹരജി തീര്‍പ്പാക്കും വരെ മരം മുറിക്കല്‍ നിര്‍ത്തിവെക്കണം. ഒരു കൂട്ടം നിയമ വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ സ്വമേധയ കേസെടുത്താണ് സുപ്രീംകോടതി പ്രത്യേക ബഞ്ചിന്റെ ഉത്തരവ്. ഹരജി ഈ മാസം 21ന് കോടതി വീണ്ടും പരിഗണിക്കും. പൊതുഅവധി ഒഴിവാക്കിയാണ് മുംബൈ അരെയിലെ മരം മുറിക്കലിനെതിരെ നിയമ വിദ്യാര്‍ഥികള്‍ നല്‍കിയ കത്തില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി അടിയന്തരമായി സമ്മേളിച്ചത്. അരെ മേഖല വനപ്രദേശമാണോ അല്ലയോ എന്നായിരുന്നു കോടതി പരിശോധിച്ചത്. അക്കാര്യത്തില്‍ ഒക്ടോബര്‍ 21ന് കൂടുതല്‍ വാദം കേള്‍ക്കും. അതുവരെ മരംമുറിക്കല്‍! നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. അരെ വനപ്രദേശമാണെന്ന് കാണിച്ച് നേരത്തെ നല്‍കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ മരം മുറിക്കല്‍ അടിയന്തിരമായി തടയണമെന്ന് പരാതിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയാണ് നിയമ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായത്.വനവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണം. സംഭവത്തില്‍ പ്രതിഷേധിച്ചവരെ ഉടന്‍ മോചിപ്പിക്കാനും മഹാരാഷ്ട്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിന് കത്തയച്ച രിഷാന്‍ രഞ്ജന്‍ പ്രതികരിച്ചത്. നിര്‍മാണത്തിന് ആവശ്യമായ മരങ്ങള്‍ ഇതിനകം മുറിച്ചിട്ടുണ്ടെന്നും ഇനി മുറിക്കേണ്ടതില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാറും മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനും കോടതിയെ അറിയിച്ചു. അരെ വനപ്രദേശമല്ലെന്ന വാദമാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റേത്. ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിലെ എല്‍ലോയിഡ് ലോ കോളജ് വിദ്യാര്ഥി രിശാവ് രഞ്ജന്റെ നേതൃത്വത്തിലുള്ള നിയമവിദ്യാര്‍ഥികളുടെ സംഘമാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് ഇന്നലെ കത്ത് നല്കിയത്. ഇതിന് പുറമെ കേസില്‍ കക്ഷി ചേരണമെന്ന് കാണിച്ച് മറ്റ് ചിലര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അരുണ്‍മിശ്ര, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍