ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കും: മന്ത്രി

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ആരംഭിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആര്‍ദ്രം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ മൂടാടി ഗ്രാമപഞ്ചായത്ത് കേളപ്പജി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മ്യൂസിയം, ലൈബ്രറി, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയവയും ജെന്‍ഡര്‍ പാര്‍ക്കിന്റെ ഭാഗമായി ആരംഭിക്കും. ഒരു കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ജന്‍ഡര്‍ പാര്‍ക്ക് ലോകത്തിനു തന്നെ മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ഉള്ളതായി മന്ത്രി പറഞ്ഞു. ഇനി മുതല്‍ എല്ലാ മാസവും 11ാം തീയതി ആശാവര്‍ക്കര്‍ മാര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനമായതായി മന്ത്രി ചടങ്ങില്‍ അറയിച്ചു.ചടങ്ങില്‍ കെ. ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണന്‍, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജീവാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ പി.കെ. ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. മുഹമ്മദലി, മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ സോമലത, ഹര്‍ഷലത, സി.കെ. ശ്രീകുമാര്‍, മൂടാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. രജനി, ശ്രീജിത ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍