സുരക്ഷ:നേതാക്കളുടെ വിദേശയാത്രകള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നേതാക്കളുടെ വിദേശയാത്രകള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കുലര്‍. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സംരക്ഷണമുള്ളവര്‍ വിദേശത്തു പോകുമ്പോള്‍ എസ്പിജിയും കൂടെ പോകണമെന്നാണ് പുതിയ നിര്‍ദേശം. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുമാണ് എസ്പിജി സുരക്ഷയുള്ളത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കംബോഡിയയിലേക്കു പോയതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സാധാരണ ഗാന്ധി കുടുംബം വിദേശയാത്ര ചെയ്യുമ്പോള്‍ എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. ഡല്‍ഹി വിമാനത്താവളം വരെ സുരക്ഷാ ജീവനക്കാരെ കൊണ്ടുപോയതിനുശേഷം തിരിച്ചയയ്ക്കുകയാണ് പതിവ്. സ്വകാര്യത കണക്കിലെടുത്തായിരുന്നു ഈ നടപടി. എന്നാല്‍, അതീവ സുരക്ഷ വേണ്ടവരായതിനാല്‍ മുഴുവന്‍ സമയവും എസ്പിജി സംരക്ഷണത്തിലായിരിക്കണമെന്നാണ് പുതിയ സര്‍ക്കുലറിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. വിദേശയാത്രയിലാണെങ്കിലും എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ യഥാസമയം അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പ്രത്യേക പരിശീലനം നല്‍കിയ കമാന്‍ഡോകളെ ഉള്‍പ്പെടുത്തി എസ്പിജി സജ്ജമാക്കിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിക്കും കുടുംബത്തിനും മുന്‍ പ്രധാനമന്ത്രിമാര്‍ക്കു പത്ത് വര്‍ഷത്തേക്കും എസ്പിജി സംരക്ഷണം ഏര്‍പ്പെടുത്തി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്കും മന്‍മോഹന്‍ സിംഗിനും എസ്പിജി സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പത്ത് വര്‍ഷം കഴിഞ്ഞതിനു പിന്നാലെ ദേവഗൗഡയ്ക്കുള്ള സംരക്ഷണവും, നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ഓഗസ്റ്റില്‍ മന്‍മോഹന്‍ സിംഗിനുള്ള സംരക്ഷണവും ഒഴിവാക്കി. അതേസമയം, രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സിആര്‍പിഎഫ് സംരക്ഷണം നല്‍കുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍