കൊച്ചി കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: നഗരത്തെ മുക്കിയ വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാണെങ്കില്‍ കോര്‍പ്പറേഷന്‍ എന്തിനാണെന്നും കോര്‍പ്പറേഷനെ പിരിച്ചുവിടാത്തതെന്താണെന്നും കോടതി വാക്കാല്‍ ചോദിച്ചു.ചെളിനീക്കാന്‍ കോടികള്‍ കോര്‍പ്പറേഷന്‍ ചെലവാക്കുന്നുണ്ട്. കൊച്ചിയെ സിംഗപ്പൂര്‍ ആക്കണമെന്നല്ല. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ബുധനാഴ്ച വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി കോര്‍പ്പറേഷനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. പേരണ്ടൂര്‍ കനാല്‍ വിഷയത്തിലും റോഡ് തകര്‍ന്ന സംഭവത്തിലും ഹൈക്കോടതി നേരത്തെ കൊച്ചി കോര്‍പ്പറേഷനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. പേരണ്ടൂര്‍ കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഇക്കാര്യത്തില്‍ നഗരസഭയെ പൂര്‍ണ വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പേരണ്ടൂര്‍ കനാല്‍ ശുചിയാക്കുന്നതിനായി ഒമ്പത് നിര്‍ദേശങ്ങളും സിംഗിള്‍ബെഞ്ച് നല്‍കി. കനാല്‍ ശുചീകരണത്തില്‍ നഗ രസഭയെ പൂര്‍ണമായും വിശ്വസിക്കാനാവാത്തതിനാല്‍ സര്‍ക്കാരും കളക്ടറും ഇതിലിടപെടണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍