വാഹന മേഖലയില്‍ ഇ പെയ്‌മെന്റ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി സൗദി

സൗദി:രാജ്യത്തെ എല്ലാ മേഖലകളിലേയും കച്ചവട സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്ന പദ്ധതി നേരത്തെ ആരംഭിച്ചതാണ്. ഇതിന്റെ രണ്ടാം ഘട്ടമായാണ് വാഹന മേഖലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.പദ്ധതി നടപ്പിലാകുന്നതോടെ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന 'മീസാന്‍', പഞ്ചര്‍ കടകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, വര്‍ക്ഷോപ്പുകള്‍ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാകും. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ബിനാമി നിര്‍മാര്‍ജ്ജന ദേശീയ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത മാസം 15 മുതല്‍ 'സാമ' അംഗീകരിച്ച ഇ പേയ്‌മെന്റ് സംവിധാനം ഇത്തരം സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കുവാനാണ് നീക്കം. ബിനാമി ഇടപാടുകള്‍ തടയുന്നതോടൊപ്പം പേയ്‌മെന്റ് രീതികള്‍ കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ആഗസ്റ്റ് ഇരുപതോടെ രാജ്യത്തെ മുഴുവന്‍ കച്ചവട മേഖലകളിലും ഇ പേയ്‌മെന്റ് സംവിധാനം പൂര്‍ണ്ണമായും നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍