കൂടുതല്‍ ഇളവ്, ആദായ നികുതി കുറച്ചേക്കും

കൊച്ചി: ഉപഭോക്തൃ വിപണിക്ക് കരുത്തേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നൊരുക്കങ്ങള്‍ ധനമന്ത്രാലയം തുടങ്ങിയെന്നാണ് സൂചന. ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന 2020-21ലേക്കുള്ള ബഡ്ജറ്റിലാകും നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുക. ജി.ഡി.പി തളര്‍ച്ചയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും മുഖ്യ കാരണമായി സൂചിപ്പിക്കുന്നത് ഉപഭോക്തൃ ഡിമാന്‍ഡ് കുറഞ്ഞതാണ്. വിപണിയുടെ ഉണര്‍വിന് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കണം. ആദായ നികുതി കുറച്ച് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തല്‍. സെപ്തംബര്‍ 20ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചിരുന്നു.അതേസമയം, നിലവില്‍ വ്യക്തിഗത ആദായ നികുതിയിലെ ഉയര്‍ന്ന സ്ലാബ് 30 ശതമാനമാണ്. 50 ലക്ഷം രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ വിവിധ സെസ് ഉള്‍പ്പെടെ അടയ്ക്കുന്നത് 42.74 ശതമാനം നികുതിയാണ്. കോര്‍പ്പറേറ്റ് കമ്പനികളേക്കാള്‍ കൂടുതല്‍ നികുതി വ്യക്തികള്‍ അടയ്‌ക്കേണ്ടി വരുന്നതിലെ പൊരുത്തക്കേടും ആദായ നികുതി കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ഏഷ്യയിലെ ശരാശരി ഉയര്‍ന്ന വ്യക്തിഗത ആദായ നികുതി 29.99 ശതമാനം മാത്രമാണെന്നതും നികുതി കുറയ്ക്കാനായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദമാകുന്നുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ 5% പേര്‍ മാത്രമാണ് ആദായ നികുതി പരിധിയിലുള്ളത്. ജി.ഡി.പിയില്‍ ആദായ നികുതിയുടെ അനുപാതം 11 ശതമാനമാണ്. ഇത്, ആഗോള ശരാശരിയേക്കാള്‍ കുറവുമാണ്.നേരിട്ടുള്ള നികുതി ഇളവിന് പകരം ആദായ നികുതി സ്ലാബുകള്‍ മാറ്റാനുള്ള ശുപാര്‍ശ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരമായിരിക്കും ധനമന്ത്രാലയത്തിന്റെ നീക്കം. നിലവില്‍ 5%, 10%, 20% എന്നീ സ്ലാബുകളാണുള്ളത്. അതിനുപകരം 5%, 10%, 20%, 30%, 35% എന്നിങ്ങനെ അഞ്ചു സ്ലാബുകള്‍ വേണമെന്നാണ് ശുപാര്‍ശ. ഇത് ഇടത്തരം വരുമാനക്കാര്‍ക്ക് ഗുണകരമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍