വി.ഐ.പികളുടെ സന്ദര്‍ശന വേളയില്‍ മാത്രം റോഡുകള്‍ പെട്ടെന്ന് നന്നാക്കാന്‍ കഴിയുന്നതെങ്ങനെ? :ഹൈക്കോടതി

കൊച്ചി:വി.ഐ.പികളുടെ സന്ദര്‍ശന വേളയില്‍ മാത്രം റോഡുകള്‍ പെട്ടെന്ന് നന്നാക്കാന്‍ കഴിയുന്നതെങ്ങിനെയെന്ന് ഹൈക്കോടതി. റോഡില്‍ വീണ് വാഹന യാത്രക്കാര്‍ മരിച്ചിട്ടും അറ്റകുറ്റ പണി നടത്താത്ത റോഡുകള്‍ , വി.ഐ.പികളുടെ സന്ദര്‍ശന വേളയില്‍ അതിവേഗത്തിലാണ് നന്നാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നിര്‍ദേശിക്കണെമന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.പി അജിത് കുമാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. കൊച്ചിയില്‍ കഴിഞ്ഞ ദിവസമാണ് ഒരാള്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ ഏറെയുണ്ട്. ജീവനോട് വീട്ടില്‍ നിന്നിറങ്ങിയാല്‍ അപകടത്തില്‍പ്പെടാതെ വീട്ടില്‍ തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ല. ജനങ്ങള്‍ എന്തിനാണ് ഇത്തരമൊരു അവസ്ഥ അനുവദിക്കുന്നത്. റോഡ് അറ്റകുറ്റപ്പണിയിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര പേരെ പ്രോസിക്യൂട്ട് ചെയ്യാനായിട്ടുണ്ട്. അപ്പപ്പോള്‍ കേടുപാടുകള്‍ തീര്‍ത്തു പോയാല്‍ പ്രശ്‌നം വലുതാകാതെ നോക്കാവുന്നതേയുള്ളൂ. ഇത്തരം അവസ്ഥക്ക് ആര് ഉത്തരവാദിയായാലും കനത്ത വില നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എത്ര നാളുകള്‍ക്കകം കൊച്ചിയിലെ റോഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാവുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകളും കൊച്ചി കോര്‍പറേഷനും അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍